CrimeNews

പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഐ നേതാവിനെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഐ നേതാവ് അമ്പലത്തറ സ്വദേശി വിഷ്ണു ബാബുവിനെതിരെ പോക്‌സോ കേസ് ചുമത്തി. വിഴിഞ്ഞം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഴിഞ്ഞം മുല്ലൂരിലെ വീട്ടില്‍വച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ വിഷ്ണു ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നാണ് പരാതി. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

സംഭവം ഇങ്ങനെ:

പെൺകുട്ടിയുടെ സഹോദരനെ സ്കൂളിൽ നിന്ന് അച്ചടക്ക നടപടിയുടെ പേരിൽ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇത് പിൻവലിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചത്. ഇതോടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച വിഷ്ണു ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദർശകനായി.

പിന്നീട് പെൺകുട്ടിയുടെ മാതാവുമായി വിഷ്ണു അടുപ്പത്തിലായി. വിവാഹിതനായ വിഷ്ണു കുടുംബസമേതം മുല്ലൂരിലുള്ള യുവതിയുടെ വീട്ടിൽ പതിവായി സന്ദർശനം നടത്തിയിരുന്നു. കുടുംബാംഗത്തെ പോലെയായിരുന്നു വിഷ്ണു പെരുമാറിയിരുന്നത്. അതിനിടെ കഴിഞ്ഞ തിരുവോണ ദിനത്തിൽ പെൺകുട്ടിയും സഹോദരനും അമ്മയുമൊത്ത് വിഷ്ണുവിന്റെ വീട്ടിലെത്തിയാണ് സദ്യ കഴിച്ചത്.

ഇതിനു പിന്നാലെ സെപ്റ്റംബർ 18ന് വിഷ്ണു ബാബു പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമൊത്ത് മദ്യപിച്ചു. തുടർന്ന് ഒന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ ലൈംഗികോദ്ദേശത്തോടെ സ്പർശിച്ചതായാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *