BusinessNationalNews

രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട ചൊല്ലി രാജ്യം

വ്യവസായ പ്രമുഖൻ രത്തൻ നാവൽ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട ചൊല്ലി രാജ്യം. മുംബൈ വര്‍ളിയിലെ പാഴ്സി ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വ്യവസായ രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധി പ്രമുഖരും ആയിരക്കണക്കിന് സാധാരണക്കാരും മനുഷ്യസ്നേഹിയായ രത്തൻ ടാറ്റയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി അമിത് ഷാ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

വ്യാവസായിക പുരോഗതികൊണ്ട് ഇന്ത്യക്ക് തന്നെ കരുത്തായി മാറിയ ടാറ്റ ഗ്രൂപ്പിൻ്റെ എമിരിറ്റസ് ചെയർമാൻ ആയിരുന്നു രത്തൻ ടാറ്റ. മനുഷ്യ സ്നേഹത്തിനൊപ്പം സഹജീവികൾക്കുള്ള കരുതൽ കൊണ്ടും ടാറ്റ ഇന്ത്യൻ മനസുകളിൽ ഇടം പിടിച്ചു. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള വ്യാവസായിക കാഴ്ചപ്പാടുകൾ തന്നെ തിരുത്തി രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് മുൻപ് മുതൽ തന്നെ ഇന്ത്യ എന്ന ആശയത്തിനും സാമൂഹിക പുരോഗമനത്തിനും വേണ്ടി നിലകൊണ്ട ജെംഷെഡ്‌ജി ടാറ്റായുടെ പാരമ്പര്യം നിലനിർത്തിയ ദീർഘ വീക്ഷണമുള്ള വ്യവസായ ഗുരുവാണ് 86 ആം വയസിൽ വിടവാങ്ങിയത്.

ടാറ്റ മോട്ടോർസ് 1 ലക്ഷം രൂപയ്ക്ക് നാനോ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് തന്നെ വ്യാവസായിക വളർച്ചയുടെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആയിരുന്നു. കാലത്തിന് മുൻപേ സഞ്ചരിച്ച നീക്കമായിരുന്നു ഇതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിട്ടുമുണ്ട്.

വളർന്ന് വരുന്ന സംരംഭകർക്ക് അദ്ദേഹം നൽകിയ പിന്തുണയും ഊർജ്ജവും ഇന്ത്യയിലെ മറ്റ് വ്യവസായ പ്രമുഖരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വ്യവസായത്തെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് വളർത്തിയതിലും ടാറ്റ ഗ്രൂപ്പിൻ്റെ കഴിഞ്ഞ ദശകങ്ങളിലെ വലിയ വളർച്ചാനിരക്കിനും പിന്നിൽ അദ്ദേഹത്തിൻ്റെ സംഭാവനകളായിരുന്നു.

അമേരിക്കയിലെ കോർണെൽ സർവകലാശാലയിൽ നിന്ന് ആർകിടെക്ചറിൽ ബിരുദം നേടി ഇന്ത്യയിലെത്തിയ രത്തൻ ടാറ്റ 1961ൽ ജംഷഡ്പുരിലെ ടാറ്റ സ്റ്റീൽസിൽ സാധാരണ ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തൊഴിലാളികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും വ്യവസായ മേഖയുടെ സ്പന്ദനങ്ങൾ അടുത്തറിഞ്ഞു. ജെആർഡി ടാറ്റയ്ക്ക് ശേഷം 1991 ൽ ടാറ്റ ഗ്രൂപ്പിന്‍റെ തലപ്പത്തെത്തിയ അദ്ദേഹം ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ വ്യാവസായിക വിപ്ലവം തന്നെയാണ് തുടങ്ങിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *