BusinessFinance

ലോൺ കിട്ടുന്നില്ലേ? കല്യാണം മുടങ്ങുന്നോ? വില്ലൻ സിബിൽ സ്കോർ; അറിയാം ഈ ‘മൂന്നക്ഷരം’

തിരുവനന്തപുരം: സിബിൽ സ്കോർ കുറഞ്ഞതിന്റെ പേരിൽ വിവാഹം മുടങ്ങുന്നതും, ലഭിച്ച ജോലി നഷ്ടപ്പെടുന്നതുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല. വെറുമൊരു സംഖ്യ എന്നതിലുപരി, നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ നേർസാക്ഷ്യമാണ് സിബിൽ സ്കോർ. ഭവന വായ്പ മുതൽ വ്യക്തിഗത വായ്പ വരെ, എന്ത് സാമ്പത്തിക ഇടപാടിനും ഇന്ന് സിബിൽ സ്കോർ ഒരു നിർണായക ഘടകമാണ്.

എന്താണ് സിബിൽ സ്കോർ?

ഒരാളുടെ വായ്പാ ചരിത്രം വിലയിരുത്തി നൽകുന്ന ഒരു ക്രെഡിറ്റ് സ്കോറാണ് സിബിൽ സ്കോർ. നിങ്ങൾ മുൻപ് എടുത്ത വായ്പകൾ, അവയുടെ തിരിച്ചടവ്, ക്രെഡിറ്റ് കാർഡ് ഉപയോഗം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. 300 മുതൽ 900 വരെയാണ് സ്കോർ. 750-ന് മുകളിലുള്ള സ്കോർ മികച്ചതായി കണക്കാക്കുന്നു. ഇത്തരക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ ലോൺ ലഭിക്കാൻ സാധ്യതയുണ്ട്.

ആരാണ് സ്കോർ നിശ്ചയിക്കുന്നത്?

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ (സിബിൽ), ഇക്വിഫാക്സ്, ഹൈമാർക്ക്, എക്സ്പീരിയൻ എന്നിവയാണ് ആർബിഐ അംഗീകാരമുള്ള നാല് പ്രധാന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിങ്ങളുടെ വായ്പാ വിവരങ്ങൾ ഈ ഏജൻസികൾക്ക് കൈമാറുന്നു.

സ്കോർ കുറഞ്ഞാൽ എന്ത് സംഭവിക്കും?

700-ൽ താഴെയാണ് നിങ്ങളുടെ സിബിൽ സ്കോറെങ്കിൽ, ബാങ്കുകൾ ലോൺ നൽകാൻ മടിക്കുകയോ, കൂടുതൽ രേഖകൾ ആവശ്യപ്പെടുകയോ, അല്ലെങ്കിൽ ഉയർന്ന പലിശ നിരക്ക് ഈടാക്കുകയോ ചെയ്തേക്കാം. ഒരു തവണ തിരിച്ചടവ് മുടങ്ങിയാൽ പോലും അത് നിങ്ങളുടെ സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഒരിക്കൽ സ്കോർ കുറഞ്ഞാൽ, അത് മെച്ചപ്പെടുത്താൻ 12 മാസം മുതൽ രണ്ട് വർഷം വരെ സമയമെടുത്തേക്കാം.

സ്കോർ കൂട്ടാൻ 4 വഴികൾ

  1. കൃത്യമായ തിരിച്ചടവ്: ക്രെഡിറ്റ് കാർഡ് ബില്ലുകളും, ഇഎംഐകളും കൃത്യസമയത്ത് പൂർണ്ണമായി അടയ്ക്കുക.
  2. ദീർഘകാല വായ്പകൾ: ദീർഘകാലത്തേക്ക് എടുക്കുന്ന വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കും.
  3. റിപ്പോർട്ട് പരിശോധിക്കുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് വാങ്ങി, അതിൽ തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക.
  4. ഒറ്റത്തവണ തീർപ്പാക്കൽ ഒഴിവാക്കുക: അടവുകൾ മുടക്കിയ ശേഷം ഒറ്റത്തവണയായി ലോൺ തീർപ്പാക്കുന്നത് നിങ്ങളുടെ സ്കോറിനെ മോശമായി ബാധിക്കും.