
ഇന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു ബാഹുബലി ദി ബിഗിനിങ്ങും ബാഹുബലി ദി കൺക്ലൂഷനും. ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ബാഹുബലിയുടെ മൂന്നാം ഭാഗം ഉടനുണ്ടാകുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കങ്കുവയുടെ നിർമാതാവ് കെ.ഇ ജ്ഞാനവേൽ രാജയാണ് ഇതേപ്പറ്റിയുള്ള സൂചന നൽകിയിരിക്കുന്നത്.

കങ്കുവയുടെ പ്രചാരണ പരിപാടിക്കിടയിലായിരുന്നു ജ്ഞാനവേലിന്റെ വെളിപ്പെടുത്തൽ. ബാഹുബലി 3 പണിപ്പുരയിലാണെന്നാണ് നിർമാതാവ് പറയുന്നത്. ബാഹുബലിയുടെ അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യുന്നതിനിടെയാണ് ഈ വാർത്ത അറിയുന്നതെന്നും ജ്ഞാനവേൽ കൂട്ടിച്ചേർത്തു.

എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഇതിഹാസ സിനിമയാണ് ബാഹുബലി : ദി ബിഗിനിങ്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ എന്നിവരും വേഷമിട്ടു. തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമായ ബാഹുബലി : ദി കൺക്ലൂഷൻ 2017 ഏപ്രിൽ മാസം 28 നാണ് തീയറ്ററിലെത്തിയത്.