News

പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പണിമുടക്കി; രോഗികളെ ചുമന്ന് ഇറക്കേണ്ട ഗതികേട്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതോടെ രോഗികളെ ചുമന്ന് ഇറക്കേണ്ട അവസ്ഥ. മൂന്നാം നിലയിലെ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് സർജറി കഴിഞ്ഞ രോഗികളെ പോലും തുണിയിൽ പൊതിഞ്ഞ് താഴെ എത്തിക്കേണ്ട ഗതികേടിലാണ് ജനം. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾക്കാണ് ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ കൊണ്ട് ഇത്തരമൊരു ദുരിതം അനുഭവിക്കേണ്ടി വരുന്നത്.

മുളങ്കമ്പുകൾ തുണിയിൽ കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ മുകൾ നിലയിൽനിന്നു താഴേക്ക് ഇറക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 4 ദിവസത്തിലേറെയായി ലിഫ്റ്റ് തകരാറിലാണെന്നും ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ ചുമന്ന് കൊണ്ടു പോകുന്നതെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കൊണ്ടുപോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണം ഉയർന്നു.

അടിയന്തരമായി ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞ രോഗികളെയും ഇങ്ങനെ തുണിയിൽ കെട്ടി കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികള്‍ക്ക് സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറക്കാൻ മറ്റു വഴിയില്ല. പഴയ കെട്ടിടമായതിനാൽ റാംപ് സൗകര്യവും ഇല്ല.

രോഗികളെ ചുമന്നു മാറ്റാനായി ഒട്ടേറെ ജീവനക്കാരുടെ ആവശ്യമുള്ളതിനാൽ ജീവനക്കാർ വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പലപ്പോഴും കൂട്ടിരുപ്പുകാർ കൂടി സഹായിച്ചിട്ടാണ് രോഗികളെ താഴെ എത്തിക്കുന്നത് എന്നും പരാതി പറഞ്ഞിട്ടും നടപടികൾ ഇല്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചു.

ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ മണ്ഡലമായ ആറന്മുളയിൽ ഉൾപ്പെടുന്ന സ്ഥലമാണ് പത്തനംതിട്ട ജില്ലാ ആസ്ഥാനം. അവിടെയാണ് ജില്ലാ ആശുപത്രിയിൽ തന്നെ ഇത്തരം ഒരു ഗതികേട് ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്.

ജില്ലാ ആസ്ഥാനത്തെ റോഡുകളും, ബസ്റ്റാൻഡും, സ്റ്റേഡിയവും ഉൾപ്പെടെ അറ്റകുറ്റ പണി നടത്തുന്നതിൽ സ്ഥല എംഎൽഎ കൂടിയായ വീണ ജോർജിന്റെ അലംഭാവം പ്രതിപക്ഷം നേരത്തെ തന്നെ ഉയർത്തി കാട്ടിയിട്ടുണ്ട്. കോഴഞ്ചേരി പാലം, റിങ് റോഡ് പണി എന്നിവ വർഷങ്ങളായി പണിതീരാതെ കിടക്കുന്ന അലംഭാവത്തിൻ്റെ ഉദാഹരണമായി പ്രതിപക്ഷം ഉയർത്തി കാട്ടിയിട്ടുണ്ട്.

അതിനിടെ ജില്ലയിൽ തന്നെ മന്ത്രി വീണ ജോർജിൻ്റെ ഭർത്താവ് പുറമ്പോക്ക് കയ്യേറിയെന്ന് ഇടതുപക്ഷ നേതാക്കൾ തന്നെ ആരോപണവും ഉയർത്തിയിരുന്നു. പിന്നാലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ശക്തമായ താക്കീത് നൽകിയതിനെ തുടർന്ന് പ്രാദേശിക നേതാക്കൾ പരാതി മുക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *