
രാസലഹരിയുമായി ദന്ത ഡോക്ടര്‍ പിടിയില്‍; വിഷ്ണുരാജിനെ കുടുക്കിയത് സ്പെഷൽ സ്ക്വാഡ്
പാലക്കാട് സ്വദേശിയായ ദന്ത ഡോക്ടറെ 15 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പാലക്കാട്, കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരക ലഹരി മരുന്നായ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. രണ്ട് മാസമായി സ്പെഷൽ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരി കോഴിക്കോട് ടൗൺ, എൻ.ഐ.ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി വിപുലമായ തോതിലാണ് വിൽപന നടത്തിയിരുന്നത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള മൊത്തവിതരണക്കാരിൽ നിന്നും ഇയാൾ ലഹരി എത്തിച്ചിരുന്നു. പ്രതി എല്ലാവിധ ലഹരിയും ഉപയോഗിക്കുന്നതായും പൊലീസ് പറഞ്ഞു.
2016 മുതൽ മണാശ്ശേരിയിലെ മെഡിക്കൽ കോളേജിൽ പഠിച്ച് ഡെൻറൽ ബിരുദം നേടിയശേഷം ക്ലിനിക് നടത്തിവരുകയായിരുന്നു വിഷ്ണുരാജ്.
കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലുള്ള മൊത്തവിതരണക്കാരിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്. കൂടാതെ ബെംഗളൂരുവിൽനിന്ന് ഇയാൾ ലഹരിമരുന്ന് എത്തിക്കാറുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയായ ഇയാൾ രണ്ടുമാസമായി സ്പെഷ്യൽ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നെന്നും ഇയാൾ എല്ലാവിധ ലഹരിമരുന്നുകളും ഉപയോഗിക്കുന്നതായും പോലീസ് പറഞ്ഞു. പിടികൂടിയ എം.ഡി.എം.എ.ക്ക് അരലക്ഷം രൂപ വിലവരും.
നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ.എസ്.പി. കെ. സുശീർ, കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷ് എന്നിവരുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ്ബാബു, പി. ബിജു. സീനിയർ സി.പി.ഒ.മാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ്, കൊടുവള്ളി എസ്.ഐ. അനൂപ്, സീനിയർ സി.പി.ഒ.മാരായ എ.കെ. രതീഷ്, കെ. സിൻജിത്ത്, കെ.കെ. ബബീഷ്, എൻ. സന്ദീപ്, എൻ. നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.