CricketSports

കായിക ലോകത്തും കൈപതിപ്പിച്ച ടാറ്റ ഗ്രൂപ്പ്; രത്തൻ ടാറ്റ വളർത്തിയ ക്രിക്കറ്റ് സ്നേഹം

ഇന്ത്യയുടെ വ്യവസായ മുഖമായിരുന്നു രത്തൻ ടാറ്റ എന്ന മനുഷ്യൻ. ഇന്ത്യയുടെ എല്ലാ മേഖലയിലും സംഭാവനകൾ നൽകിയ ടാറ്റ ഗ്രൂപ്പിൻ്റെ തലവൻ്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കായികതാരങ്ങളും.

കായികമത്സരങ്ങളോട് അടുപ്പം പുലർത്തുന്ന ബിസിനസ് കുടുംബമാണ് ടാറ്റ ഗ്രൂപ്പിൻ്റേത്. ടാറ്റ ഗ്രൂപ്പിൻ്റെ കായികപ്രേമം ചരിത്രത്തിലിടം നേടിയിട്ടുണ്ട്. പ്രത്യേകിച്ച്‌ ക്രിക്കറ്റിനോട് ടാറ്റ ഗ്രൂപ്പ് വലിയ താൽപ്പര്യം കാണിച്ചിരുന്നു.

സ്ഥാപകനായ ജാംഷെഡ്ജി ടാറ്റയുടെ ഇഷ്ട കായികയിനമായിരുന്നു ക്രിക്കറ്റ്. കായിക ലോകത്തോടുള്ള ഇഷ്ടത്തിൻ്റെ ഫലമായി 1991ൽ ജാംഷെഡ്പൂരിൽ ലോകോത്തര നിലവാരത്തിലുള്ള സ്‌പോർട്‌സ് കോംപ്ലക്‌സും ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ചു.

ക്രിക്കറ്റിന് കൈത്താങ് ആയ ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പിൻ്റെ കായികപ്രേമം രത്തൻ ടാറ്റയും തുടർന്നു. 1991 മുതൽ അദ്ദേഹം ജെആർഡി കോംപ്ലക്‌സിൽ ഹോക്കി, അമ്പെയ്ത്, അത്‌ലറ്റിക്‌സ് എന്നിവയ്ക്കായി അക്കാദമികൾ സ്ഥാപിച്ചു. ആദ്യ ഇന്ത്യൻ ഫോർമുല വൺ ഡ്രൈവർ നരെയ്ൻ കാർത്തികേയനെ സ്‌പോൺസർ ചെയ്യാനും അദ്ദേഹം മുന്നോട്ടുവന്നു.

1996-ലെ ടൈറ്റൻ കപ്പിൻ്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തുകൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ക്രിക്കറ്റ് സ്‌പോൺസർഷിപ്പ് രംഗത്തേക്ക് കാലെടുത്തുവെച്ചത്. ഈ മത്സരങ്ങളിൽ സച്ചിൻ തെണ്ടുൽക്കർ നയിച്ച ഇന്ത്യൻ ടീം വിജയകിരീടം ചൂടുകയും ചെയ്തു.

2000-മായതോടെ ക്രിക്കറ്റ് ലോകത്തും മാറ്റങ്ങളുണ്ടായി. വാതുവെയ്പ്പും അഴിമതി ആരോപണവും ഇന്ത്യൻ ക്രിക്കറ്റ് രംഗത്തുയർന്നു വന്നു. ഇതോടെ അന്ന് രത്തൻ ടാറ്റയുടെ നേതൃത്വത്തിലായിരുന്ന ടാറ്റ ഗ്രൂപ്പ് ക്രിക്കറ്റിന് നൽകിവന്നിരുന്ന പിന്തുണ പിൻവലിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും വളരെ നിർണായകഘട്ടത്തിൽ ക്രിക്കറ്റിനെ പിന്തുണയ്ക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. ഇന്ത്യ-ചൈന രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം 2020-ൽ ചൈനീസ് ഫോൺ നിർമാതാക്കളായ വിവോ, ഐപിഎൽ ടൈറ്റിൽ സ്‌പോൺസർഷിപ്പിൽ നിന്ന് പിൻമാറിയിരുന്നു. ഈ ഘട്ടത്തിലായിരുന്നു ടാറ്റ ഗ്രൂപ്പിൻ്റെ വരവും.

ഐപിഎല്ലിൻ്റെ വിജയത്തോടെ ബിസിസിഐ 2023-ൽ വുമൺസ് പ്രീമിയർ ലീഗ് (WPL) മത്സരങ്ങൾ ആരംഭിച്ചു. ഇവിടെയും ടാറ്റ ഗ്രൂപ്പ് ക്രിക്കറ്റിനോടുള്ള തങ്ങളുടെ സ്നേഹം തെളിയിച്ചുകൊണ്ടേയിരുന്നു. 2027 വരെയുള്ള വുമൺസ് പ്രീമിയർ ലീഗിൻ്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് ടാറ്റ ഗ്രൂപ്പ് നേടിയെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *