KeralaPolitics

സഖാക്കള്‍ക്ക് മന്ത്രിയുടെ അടുക്കള വഴി ആജീവനാന്ത പെന്‍ഷന്‍; ശിവന്‍കുട്ടിയുടെ പാചകക്കാരനെ മാറ്റി പ്രതിഷ്ഠിച്ചു

തിരുവനന്തപുരം: മന്ത്രിമാരുടെ അടുക്കളയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ പാചകക്കാരെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. മന്ത്രി വി. ശിവന്‍കുട്ടി പാചകക്കാരനെ മാറ്റി. ഇതോടെ മുന്‍ പാചകക്കാരന് ആജീവനാന്ത പെന്‍ഷനും പുതിയ പാചകക്കാരന് ശമ്പളവും, സര്‍ക്കാര്‍ കാലാവധി കഴിയുമ്പോള്‍ പെന്‍ഷനും ഉറപ്പായിരിക്കുകയാണ്.

മന്ത്രി വി. ശിവന്‍കുട്ടി പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ജെ.എസ്. ദീപക്കിനെ മാറ്റിയാണ് പുതിയ ആളെ നിയമിക്കുന്നത്. രണ്ടുവര്‍ഷം പൂര്‍ത്തിയായതോടെ ഇയാളെ മാറ്റി പുതിയ ആളെ നിയമിക്കുകയാണ് മന്ത്രി ചെയ്യുന്നത്. ഇതോടെ രണ്ടുവര്‍ഷം ജോലി ചെയ്തതിനാല്‍ ദീപക്കിന് ഇനി ആജീവനാന്ത പെന്‍ഷന്‍ കിട്ടും.

3350 രൂപയും ഡി.എ യും അടക്കം പ്രതിമാസം 4000 രൂപ പെന്‍ഷനായി ലഭിക്കും. ഡി.എ കുടുന്നതനുസരിച്ച് പെന്‍ഷനും വര്‍ദ്ധിക്കും. ഗ്രാറ്റുവിറ്റി , ടെര്‍മിനല്‍ സറണ്ടര്‍, പെന്‍ഷന്‍ കമ്യൂട്ടേഷന്‍ എന്നീ പെന്‍ഷന്‍ ആനുകൂല്യങ്ങളായി 3 ലക്ഷം രൂപയും ദീപക്കിന് ലഭിക്കും.

പുതിയ ആളും മന്ത്രിയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടര്‍ന്നാല്‍ അയാള്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാകും. ഇതോടെ മന്ത്രിയുടെ അടുപ്പക്കാരായവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആജീവനാന്ത പെന്‍ഷന്‍ ഉറപ്പായിരിക്കുകയാണ്.

പാചകക്കാരന്റെ പാചകത്തില്‍ കഴിഞ്ഞ ഏതാനും മാസമായി ശിവന്‍ കുട്ടി അതൃപ്തനായിരുന്നു എന്ന് വരുത്തിതീര്‍ത്താണ് മാറ്റം. 2024 ജനുവരി 1 മുതല്‍ പുതിയ പാചകക്കാരന്‍നായിരിക്കും ശിവന്‍ കുട്ടിയുടെ അടുക്കളയില്‍. 2 വര്‍ഷം കഴിഞ്ഞാല്‍ പുതിയ പാചകക്കാരനും പെന്‍ഷന്‍ കിട്ടും.

മന്ത്രി ചിഞ്ചു റാണിയും നവകേരള സദസിനിടയില്‍ പാചകക്കാരിയെ മാറ്റിയിരുന്നു. തൊടുപുഴ സ്വദേശി പി.ജി. ജയന്തി ആയിരുന്നു മന്ത്രിയുടെ കുക്ക്. 2022 ആഗസ്റ്റ് 2 മുതല്‍ ജയന്തി മന്ത്രി ചിഞ്ചുറാണിയുടെ കുക്കായി ജോലി ചെയ്തുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *