കമ്മ്യൂണിസ്റ്റ് ചൈന രൂപീകൃതമായതിന് ശേഷം ആദ്യമായി രാജ്യത്ത് ഒരു ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. 70 വർഷത്തെ ഒഴിവാണ് വത്തിക്കാൻ, ചൈനയുമായുള്ള പ്രത്യേക കരാറിന്റെ പിൻബലത്തില്‍ നിയമിച്ചിരിക്കുന്നത്.
ഷെങ്ഷൊവൂ രൂപതയുടെ ബിഷപ്പായി ഫാദർ തദ്ദൂസ് വാങ് യൂഷെങിനെ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസാണ് അറിയിച്ചത്. വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പിൻബലത്തിലാണ് പുതിയ നിയമനം നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.
സിനഡാലിറ്റിയുടെ മാനദണ്ഡവും പ്രാദേശിക സഭയുടെ വിവിധ ഘടകങ്ങളുടെ അഭിപ്രായങ്ങളും കൂടി പരിഗണിച്ചാണ് തദ്ദൂസ് വാങ് യുഷെംഗിൻ്റെ ബിഷപ്പ് നിയമനം നടത്തിയിരിക്കുന്നത്.
2022 മാര്‍ച്ച് 22നാണ് തദ്ദേവൂസ് വാങ് യൂഷെങിനെ ഷെങ്ഷൊവൂ രൂപതയുടെ ബിഷപ്പായി കോണ്‍ഫറന്‍സ് ഓഫ് കത്തോലിക് ചര്‍ച്ച് ഇന്‍ ചൈന (ബിസിസിസി) തെരഞ്ഞെടുത്തത്. ഈ തീരുമാനത്തിനുള്ള അംഗീകാരമാണ് 2024 ജനുവരിയില്‍ വത്തിക്കാനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ചൈന രൂപീകൃതമായ 1949 ല്‍ വിദേശത്തുനിന്നുള്ള ദൈവപ്രചാരണകരെ പുറത്താക്കുകയും പ്രാദേശിക പള്ളികളുടെ വിദേശ ബന്ധങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും വിവിധ പ്രാദേശിക വൈദികരുടെ നേതൃത്വത്തില്‍ സഭാപ്രവര്‍ത്തനം മുന്നോട്ടുപോയെങ്കിലും 1953 മാവോ സേതുങ് എല്ലാവിധ മതപ്രവര്‍ത്തനങ്ങളും ചൈനയില്‍ നിരോധിച്ചതോടെ ക്രൈസ്തവ സഭ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിലയ്ക്കുകയായിരുന്നു. ഇതിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈസ്തവ സഭാ ആസ്ഥാനത്തുനിന്നുള്ള ഒരു നിയമനം ചൈനയില്‍ സംഭവിച്ചിരിക്കുന്നത്.
1993 ല്‍ വൈദികനായി സേവനം ആരംഭിച്ച തദ്ദേവൂസ് മധ്യ ചൈനയിലെ ഷുമാഡിയാന്‍ മേഖലയിലാണ് ജനിച്ചത്. 58 വയസ്സുകാരനായ തദ്ദേവൂസ് 2013 മുതല്‍ ഷെങ്ഷോവൂ രൂപതയിലെ മുഖ്യ വൈദികനാണ്.