കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കെതിരെ റോഡില്‍ പ്രതിഷേധിച്ച് ഗവർണർ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കൊല്ലത്ത് നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍, ‘വരൂ’ എന്നു പറഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു.

വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ഒന്നര മണിക്കൂറോളം റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു ഗവര്‍ണറുടെ അസാധാരണമായ നീക്കം.

സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒടുവില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ തയാറായത്.

എഫ്‌ഐആറിലെ വിവരങ്ങള്‍ സ്റ്റാംഫംഗം ഗവര്‍ണറെ വായിച്ചു കേള്‍പ്പിച്ചു. 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗവര്‍ണറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നതടക്കം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരില്‍ കണ്ടതാണെന്നും എന്നാല്‍ 17 പേര്‍ക്കെതിരെ കേസെടുത്തത് തല്‍ക്കാലം അംഗീകരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവര്‍ണര്‍, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments