CrimeNews

രാത്രിയാത്രയെച്ചൊല്ലി വഴക്ക്, പിന്നാലെ കൊലപാതകം; ആലപ്പുഴയിൽ 28-കാരിയെ അച്ഛൻ കഴുത്തുഞെരിച്ച് കൊന്നു

ആലപ്പുഴ: മാരാരിക്കുളത്ത് മകളുടെ രാത്രിയാത്രയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അച്ഛൻ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ ഏയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതം മൂലം മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, നാട്ടുകാരുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിതാവ് ഫ്രാൻസിസ് (ജോസ് മോൻ, 53) കുറ്റം സമ്മതിക്കുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രാത്രി 9 മണിക്ക് സ്കൂട്ടറുമായി പുറത്തുപോയ ഏയ്ഞ്ചൽ, പത്തരയോടെ തിരിച്ചെത്തി. ഇതിനെച്ചൊല്ലി അച്ഛൻ ഫ്രാൻസിസ് മകളെ ശകാരിക്കുകയും ഇത് രൂക്ഷമായ വാക്കുതർക്കത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. ഇതിനിടെ, ഫ്രാൻസിസ് ഏയ്ഞ്ചലിന്റെ കഴുത്തിൽ തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു.

കൊലപാതകം പുറത്തറിഞ്ഞത് ഇങ്ങനെ

മകൾ മരിച്ചുവെന്ന് ഉറപ്പായതോടെ, ഫ്രാൻസിസും കുടുംബവും വിവരം പുറത്തറിയിക്കാതെ പുലർച്ചെ വരെ കാത്തിരുന്നു. രാവിലെ ആറ് മണിയോടെ, ഏയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടാണ് ഇവർ അയൽവാസികളെ വിവരമറിയിച്ചത്. എന്നാൽ, നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മണ്ണഞ്ചേരി പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഏയ്ഞ്ചലിന്റെ കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെട്ടതോടെ കൊലപാതകമാണെന്ന് സംശയം ബലപ്പെട്ടു. ഫ്രാൻസിസിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

സംഭവസമയത്ത് ഫ്രാൻസിസിന്റെ പിതാവ് സേവ്യർ, മാതാവ് സൂസി, ഭാര്യ സിന്ധു എന്നിവരും വീട്ടിലുണ്ടായിരുന്നു. കൊലപാതക വിവരം മറച്ചുവെക്കാൻ ശ്രമിച്ചതിന് ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും കേസിൽ പ്രതി ചേർത്തേക്കുമെന്ന് പൊലീസ് സൂചന നൽകി.

ഭർത്താവുമായി പിണങ്ങി ആറ് മാസമായി സ്വന്തം വീട്ടിലായിരുന്നു ലാബ് ടെക്നീഷ്യനായ ഏയ്ഞ്ചൽ താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് വീട്ടിലെത്തിക്കും. സംസ്കാരം 12 മണിക്ക് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ നടക്കും.