
ആലപ്പുഴ: ഓമനപ്പുഴയിൽ 28-കാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഓമനപ്പുഴ സ്വദേശി ഏയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവായ ജിസ്മോൻ എന്ന ഫ്രാൻസിസിനെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കൊലപാതകം, നാട്ടുകാരുടെ സംശയത്തെ തുടർന്നുള്ള ഇടപെടലിലാണ് പുറത്തറിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവുമായി പിണങ്ങി കുറച്ചുകാലമായി സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു ഏയ്ഞ്ചൽ. മകൾ ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ഫ്രാൻസിസ് ആദ്യം എല്ലാവരെയും അറിയിച്ചത്.
എന്നാൽ, മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് നിർബന്ധം പിടിച്ചു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫ്രാൻസിസ് കുറ്റം സമ്മതിച്ചത്.
തോർത്ത് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫ്രാൻസിസ് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.