കെ.എം എബ്രഹാമിന് മുംബെയില്‍ 3 കോടിയുടെ ഫ്ളാറ്റ്, തിരുവനന്തപുരത്ത് 1 കോടിയുടെ ഫ്ളാറ്റ്, ഭാര്യയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍; മക്കളുടെ കല്യാണം നടത്തിയത് ബന്ധുക്കളില്‍ നിന്ന് പിരിവ് എടുത്തെന്ന് എബ്രഹാമിന്റെ ഭാര്യ; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ പിണറായി വിജയന്റെ വലംകൈയെ പൊക്കാന്‍ സിബിഐ എത്തിയേക്കും
തിരുവനന്തപുരം: കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുവാന്‍ ഹൈകോടതി ജസ്റ്റിസ് കെ ബാബു കേസ് മാറ്റിയത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി വാദം നടക്കുകയാണ്. കെ.എം. എബ്രഹാം 2015 ല്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ഹൈകോടതി വാദം പൂര്‍ത്തിയാക്കിയത്.
ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെ.എം എബ്രഹാമിനോട് ജസ്റ്റിസ് കെ. ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടു.
കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്ഷന് കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് കെ എം എബ്രഹാം കോടതിയില്‍ പറഞ്ഞു.
അതേസമയം കെ. എം. എബ്രഹാമിന്റെ അച്ഛനുമമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവച്ചിട്ടാണ് കോടതിയില്‍ കള്ളം പറഞ്ഞതെന്ന് ഹര്ജിക്കാരന് വാദിച്ചു.
മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്ളാറ്റും, 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലെനിയും അപാര്‍ട്ട്മെന്റിന്റെ ലോണുമാണ് എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നത്.
8 കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്സ് സഹോദരന്റെ പേരിലായതിനാലാണ് തന്റെ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റില്‍ അതിനെക്കുറിച്ച് പറയാതിരുന്നതെന്ന് വിജിലന്‍സിന് കെ.എം. എബ്രഹാം നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഓണര്‍ഷിപ്പ് കെ എം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പറേഷനില്‍ നിന്നും ഹര്ജികാരന് ഹൈക്കോടതിയില്‍ ഹാജരാക്കി. കെ എം എബ്രഹാം സ്വത്ത് വിവരം മറച്ചുവച്ച് കളവ് പറഞ്ഞുവെന്ന് ഹര്ജികാരന് കോടതിയില്‍ വാദിച്ചു.
കെ എം എബ്രഹാം ഐഎഎസ് സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ ഇതുവരെ 33 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ 1968 ലെ പെരുമാറ്റച്ചട്ടം റൂള്‍ 16 പ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട പതിനയ്യായിരം രൂപയില്‍ കൂടുതല്‍ വരുന്ന മൂവബിള്‍ & ഇമ്മോവബിള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റില്‍ കെ.എം എബ്രഹാമിന്റെ ഭാര്യയുടെയും, ആശ്രിതരായ രണ്ട് മക്കളുടെയും പ്രോപ്പര്‍ട്ടിസ്റ്റേറ്റ്മെന്റ് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരിക്കല്‍ പോലും ഫയല്‍ ചെയ്തിട്ടില്ലന്ന് വിവരാവകാശ നിയമപ്രകാരം തെളിയിക്കുന്ന രേഖകള്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ കെ.എം എബ്രഹാമിനെതിരെ അതീവ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടന്നതായി ഹര്ജിക്കാരന് ചൂണ്ടികാട്ടി 2015 മെയ് 25 മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.
പ്രസ്തുത പരാതിയിന്മേല് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കെ എം എബ്രഹാമിനോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് 2015 ജൂണ്‍ 10ന് കെ.എം എബ്രഹാം ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ മറുപടി ഫയല്‍ ചെയ്തു.തന്റെ ഭാര്യ ഷേര്‍ളി എബ്രഹാമിന് ദൈന്യംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഡ്രസ്സുകള്‍ അല്ലാതെ മറ്റ് മൂവബിള്‍ & ഇമ്മോവാബിള്‍ പ്രോപ്പര്‍ട്ടി ഒന്നുമില്ലാത്തത് കൊണ്ടാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാത്തത് എന്നായിരുന്നു മറുപടി.
പിന്നീട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഭാര്യ ഷേര്‍ളിയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയതിന്റെയും രേഖയും ഷേര്‍ളി എബ്രഹാമിന്റെ ഫെഡറല്‍ ബാങ്ക് ( നന്ദന്‍കോട് ബ്രാഞ്ച്) അക്കൗണ്ടില്‍ കോടിക്കണക്കിനു രൂപയുടെ ട്രാന്സാക്ഷന് നടന്നതിന്റ ഡീറ്റൈല്‍സ് വിജിലന്‍സ് കണ്ടെത്തിയതിന്റെ രേഖകള്‍ ഹര്ജിക്കാരന് ഹൈകോടതിയില്‍ ഹാജരാക്കി.
കെ.എം. എബ്രഹാമിന്റെ രണ്ട് മക്കളുടെ കല്യാണം നടത്തിയതില്‍ ചിലവായ തുക ബന്ധുക്കളില്‍ നിന്ന് പിരിവ് എടുത്താണ് നടത്തിയതെന്ന് കെ എം എബ്രഹാമിന്റെ ഭാര്യ ഷേര്‍ളി വിജിലന്‍സിന് നല്കിയ മൊഴി വിശ്വസിക്കാനാവില്ലെന്നും റെയില്‍വേ പുറമ്പോക്കില്‍ കിടക്കുന്നവര്‍ പോലും മക്കളുടെ കല്യാണം പിരിവ് എടുത്ത് നടത്തില്ലെന്നും ഹര്ജിക്കാരന് കോടതിയില്‍ വാദിച്ചു.
1988 മുതല്‍ 1994 വരെയുള്ള ആറ് വര്‍ഷകാലയളവില്‍ കെ എം എബ്രഹാം പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ചീഫ് സെക്രെട്ടറിക്ക് ഫയല്‍ ചെയാത്തതിനെതിരെ ഹര്ജിക്കാരന് പരാതിയില്‍ ചൂണ്ടികാട്ടിയപ്പോള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാത്തത് അമേരിക്കയില്‍ ഉപരിപഠനത്തിന് പോയതിനാലും ആ കാലഘട്ടത്തില്‍ ഇമെയില്‍ നിലവിലില്ലാത്തതിനാലുമാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ലന്നുമായിരുന്നു കെ എം എബ്രഹാമിന്റെ മറുപടി.
എന്നാല്‍ 1971 ല്‍ ഇമെയില്‍ നിലവില്‍ വന്നതിന്റെ രേഖയും ഹര്ജിക്കാരന് കോടതിക്ക് കൈമാറുകയും കൂടാതെ, തപാല്‍ മാര്‍ഗ്ഗം മൂലമോ, തിരികെ നാട്ടിലെത്തിയപ്പോഴോ നേരിട്ടോ,പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയാമായിരുന്നെന്നും ഹര്ജികാരന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ കിഫ്ബിയുടെ സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആയ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം കണ്ടെത്താന്‍ കഴിയൂ എന്ന് ഹര്ജികാരന് ഹൈക്കോടതിയില്‍ വാദിച്ചു.