
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ് (ജാബിർ ഹോസ്പിറ്റലിലെ നഴ്സ്), ഭാര്യ ബിൻസി (ഡിഫൻസ് ഹോസ്പിറ്റലിലെ നഴ്സ്) എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ ഇരുവരുടെയും താമസസ്ഥലത്താണ് സംഭവം.
ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയതായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഓസ്ട്രേലിയയിലേക്ക് ജോലി മാറുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് പരസ്പരം കുത്തിയതായാണ് കരുതുന്നത്. അയൽവാസികൾ ഇവരുടെ തർക്ക ശബ്ദങ്ങൾ കേട്ടതായി സൂചനയുണ്ട്.
രാവിലെ കെട്ടിടത്തിലെ കാവൽക്കാരൻ പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപം കത്തികൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. മലയാളികൾ ധാരാളമായി താമസിക്കുന്ന അബ്ബാസിയയിലാണ് ഈ ദാരുണ സംഭവം നടന്നത്.
സൂരജ് ആരോഗ്യ മന്ത്രാലയത്തിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലുമായിരുന്നു ജോലി ചെയ്തിരുന്നത്. ഇവർക്ക് നാട്ടിൽ രണ്ട് കുട്ടികളുണ്ട്. കുവൈറ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.