CrimeNational

രഹസ്യബന്ധം കണ്ടെത്തിയ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഹരിയാനയിലെ ഭിവാനി പ്രേംനഗർ സ്വദേശി പ്രവീണിനെ (35) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രവീണ, ഇവരുടെ കാമുകൻ സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

രവീണ സോഷ്യല്‍മീഡിയയില്‍ ധാരാളം ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ്. ഇൻസ്റ്റാഗ്രാമിൽ 34,000-ത്തിലധികം ഫോളോവേഴ്‌സും യൂട്യൂബിൽ 5,000-ത്തിലധികം സബ്സ്ക്രൈബർമാരുമുള്ള രവീണ സ്ഥിരമായി വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് രവീണ സുരേഷിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പിന്നീട് ഇരുവരും ഒരുമിച്ച് വീഡിയോകൾ ചെയ്യാൻ തുടങ്ങി.

രവീണയുടെ സോഷ്യൽ മീഡിയ അഡിക്ഷനെ പ്രവീൺ എതിർത്തിരുന്നു. കൂടാതെ, രവീണയും സുരേഷും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും പ്രവീൺ സംശയിച്ചു. ഇതേച്ചൊല്ലി കുടുംബത്തിൽ വഴക്കുകൾ പതിവായിരുന്നു. ഇവർക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. മാർച്ച് 25-ന് രവീണയും സുരേഷും ഒരുമിച്ചുള്ളപ്പോൾ പ്രവീൺ ഇവരെ കയ്യോടെ പിടികൂടി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ രവീണയും സുരേഷും ചേർന്ന് പ്രവീണിനെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മൃതദേഹം ഓടയില്‍ തള്ളി

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രവീണയും സുരേഷും ചേർന്ന് പ്രവീണിൻ്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി ഉപേക്ഷിക്കാൻ പദ്ധതിയിട്ടു. വീട്ടിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള ഒരു ഓടയിലാണ് മൃതദേഹം തള്ളിയത്.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രവീണിന്റെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നുപേർ (രവീണ, സുരേഷ്, പ്രവീണിൻ്റെ മൃതദേഹം) ബൈക്കിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതും പിന്നീട് രണ്ടുപേർ (രവീണയും സുരേഷും) മാത്രം തിരികെ വരുന്നതും വ്യക്തമായി. ഈ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി.

സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് രവീണയെയും സുരേഷിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.