
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1,256 ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കിൽ 30 ശതമാനം ഉയർത്തി. വഴിപാടുകൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് 9 വർഷത്തിനു ശേഷം വഴിപാട് നിരക്കുകൾ പുനരേകീകരിക്കുന്നതെന്ന് ബോർഡ് അറിയിച്ചു. ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളിലാണിത്.
9 വർഷത്തിന് ശേഷമാണ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. അഞ്ച് വർഷത്തിലൊരിക്കൽ ഹൈക്കോടതി ഉത്തരവ് പ്രകാരം വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ 2016ൽ പ്രളയവും പിന്നീട് കൊവിഡും കാരണം വർദ്ധന നടപ്പാക്കിയില്ല. വർദ്ധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ശബരിമല സോപാനത്ത് പുതിയ ദർശന രീതി മീനമാസ പൂജ മുതൽ നടപ്പാക്കി തുടങ്ങും. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തന്മാർക്ക് ഫ്‌ളൈ ഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുന്നതിനുള്ള സംവിധാനത്തിന്റെ ട്രയൽ റൺ ആണ് ഈ മീനമാസ പൂജ മുതൽ ആരംഭിക്കുന്നത്. ഇപ്പോൾ ഭക്തർക്ക് ദർശനത്തിനു 5 സെക്കന്റ്് സമയം ലഭിക്കുന്നത് പുതിയ സംവിധാനം വരുന്നതോടെ 20 മുതൽ 30 സെക്കൻഡ് വരെയാകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
മേടത്തിൽ വിഷുവിനു നടതുറക്കുമ്പോൾ ഈ സംവിധാനം പൂർണമായും നടപ്പാക്കുമെന്നും വിജയകരമായാൽ തുടർന്ന് ശബരിമലയിൽ ഈ ദർശന രീതിയാകും അവലംബിക്കുകയെന്നും ബോർഡ് വ്യക്തമാക്കി. മേയിൽ അഗോള അയ്യപ്പസംഗമം പമ്പയിൽ സംഘടിപ്പിക്കും. 50ലേറെ രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.