CrimeNews

പൊലീസ് എന്താണ് അന്വേഷിച്ചത്? VVIP യുടെ മകളായിരുന്നെങ്കിൽ ഇതുണ്ടാകുമോ? ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കാസർകോട്: പൈവളികെയിൽ നിന്ന് 26 ദിവസം മുമ്പ് കാണാതായ 15 വയസ്സുകാരിയെ വീടിന് സമീപം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടി.

കാണാതായി ആഴ്ചകൾ പിന്നിട്ടിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് ചോദിച്ച ഹൈക്കോടതി ഒരു വിവിഐപിയുടെ മകളെയാണ് കാണാതായതെങ്കിൽ പൊലീസ് ഇങ്ങനെ ആയിരിക്കുമോ പ്രവർത്തിക്കുക എന്നും ചോദിച്ചു.

നിയമത്തിന് മുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി വ്യക്തമാക്കി. കേസ് ഡയറിയുമായി നാളെ ഹാജരാകാനും അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിർദേശിച്ചു.

പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെയും അതേദിവസം തന്നെ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ പൈവളികെ കൂടമേൽക്കള മണ്ടേകാപ്പിലെ പ്രദീപ് കുമാറിനെയും (42) പെൺകുട്ടിയുടെ വീടിന് സമീപം ഇന്നലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.