വാഹനം വാങ്ങരുത്, ഫര്‍ണിച്ചര്‍ വാങ്ങരുത്, കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കരുത്: കര്‍ശന നിയന്ത്രണവുമായി കെ.എന്‍. ബാലഗോപാല്‍; മുഖ്യമന്ത്രിക്ക് ബാധകമല്ല | Malayalam Media. Live Exclusive

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ ഇനി സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടക്കില്ല, അതി ദാരിദ്രാവസ്ഥയാണ് കാരണം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് ഒരു അയവുമില്ലാതെ വന്നതോടെ ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ധനമന്ത്രി ബാലഗോപാല്‍. മുഖ്യമന്ത്രിയുടെ ആഘോഷ പരിപാടിയായ കേരളീയം സമാപിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് ധനമന്ത്രിയുടെ നിയന്ത്രണ ഉത്തരവും പുറത്തിറങ്ങിയിരിക്കുന്നത്.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍ , വാഹനങ്ങള്‍ വാങ്ങല്‍ എന്നീ ചെലവുകള്‍ക്കാണ് നിയന്ത്രണം. നിലവിലെ നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു സര്‍ക്കാര്‍.

ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സര്‍വ്വകലാശാല, പി.എസ്.സി എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.

ഒരു വശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെങ്കിലും മറുവശത്ത് കേരളം ഇതുവരെ കാണാത്ത ധൂര്‍ത്താണ് നടക്കുന്നത്. 27 കോടിയിലേറെ മുടക്കി കേരളീയം നടത്തി കേരളം സുന്ദരനാടാണെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് സാമ്പത്തിക നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അടുത്തമാസം മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും മണ്ഡല പര്യടനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. ഈ സാമ്പത്തികാവസ്ഥയില്‍ വകുപ്പുകളുടെ പ്രവർത്തനം നിശ്ചലമായിരിക്കുന്നിടത്ത് പര്യടനം കൊണ്ട് എന്ത് നേട്ടമെന്നുള്ള ചോദ്യം ഉയരുകയാണ്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ക്രെയിനുമായി വന്ന കപ്പലിന്റെ പേരില്‍ കോടികളുടെ പി.ആര്‍ പണി നടത്തി മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തിയാണ് ധനമന്ത്രിയുടെ സാമ്പത്തിക നിയന്ത്രണം എന്നതാണ് വിരോധാഭാസം. മുഖ്യമന്ത്രിയുടെ സുരക്ഷക്കും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ഓരോ മാസവും ചെലവിടുന്നത് കോടികളാണ്.

40 ഓളം കാറുകളും 1000 പോലിസുകാരുടെ അകമ്പടി വാഹനവുമായി നടക്കുന്ന മുഖ്യമന്ത്രിയുടെ ധൂര്‍ത്ത് കുറച്ചാല്‍ തന്നെ ഖജനാവിന് ആശ്വാസം കിട്ടും. മുഖ്യമന്ത്രിയുടെ മാതൃകയാണ് മന്ത്രിമാരും പിന്തുടരുന്നത്.

ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണു നേരിടുന്നതെന്നും വകുപ്പുകളിൽനിന്നുള്ള സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നുമാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. സപ്ലൈകോയ്ക്ക് നൽകേണ്ട പണത്തിനായി മന്ത്രി ജി.ആർ.അനിലും സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പണത്തിനായി മന്ത്രി വി.ശിവൻകുട്ടിയുമാണ് മന്ത്രിസഭയിൽ വാദിച്ചിരുന്നു.

സപ്ലൈകോയ്ക്കു സർക്കാർ നൽകാനുള്ള 1,524 കോടി രൂപയിൽ ഒരു ഭാഗം ഉടൻ നൽകിയില്ലെങ്കിൽ പൊതുവിതരണം സ്തംഭിക്കുമെന്നു അനിൽ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments