സംസ്ഥാനത്ത് ഐ.എ.എസ്, ഐ.പി.എസ് , ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 50 ശതമാനത്തിൽ 53 ശതമാനമായാണ് ക്ഷാമബത്ത ഉയർത്തിയത്. 2024 ജൂലൈ 1 മുതലുള്ള ക്ഷാമബത്ത കുടിശിക ഇവർക്ക് പണമായി നൽകും.
ധന പേ റിവിഷൻ യൂണിറ്റിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങി. ഉത്തരവിൻ്റെ പകർപ്പ് മലയാളം മീഡിയ ലൈവിന് ലഭിച്ചു. നേരത്തെ ജഡ്ജിമാരുടെ ക്ഷാമബത്ത കുടിശികയും സർക്കാർ അനുവദിച്ചിരുന്നു.സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കുടിശിക 6 ഗഡുക്കളായി ഉയരുമ്പോഴും കുടിശിക ഇല്ലാത്ത വിഭാഗമാണ് സംസ്ഥാനത്തെ ജഡ്ജിമാരും ഐഎഎസുകാരും ഐ.പി.എസുകാരും. ക്ഷാമബത്ത കുടിശിക ഇല്ലാത്ത ഭാഗ്യവാൻമാരാണ് ഇവർ.
ക്ഷാമബത്ത കൃത്യമായി ഇവർക്ക് കൊടുക്കുന്നതിൽ കെ.എൻ. ബാലഗോപാൽ ജാഗ്രത പുലർത്തുന്നും ഉണ്ട്. ക്ഷാമബത്ത അനുവദിക്കുന്നതോടൊപ്പം അതിന്റെ കുടിശികയും ബാലഗോപാൽ ഇവർക്ക് അനുവദിക്കും. ജീവനക്കാരെ രണ്ട് തരത്തിൽ ആണ് ബാലഗോപാൽ കാണുന്നതെന്ന ആക്ഷേപമാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ഉയർത്തുന്നത്.
2021 ലെ ക്ഷാമബത്ത ജീവനക്കാർക്ക് പ്രഖ്യാപിച്ചപ്പോൾ 78 മാസത്തെ കുടിശിക ബാലഗോപാൽ നിഷേധിച്ചിരുന്നു. ഐ.എ.എസുകാർക്കും ജഡ്ജിമാർക്കും കുടിശിക പണമായി നൽകുകയും ചെയ്യും. 19 ശതമാനമാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത/ക്ഷാമ ആശ്വാസ കുടിശിക.