CrimeNews

‘സഹോദരിയോട് സഹോദരനെന്ന ബന്ധമായിരുന്നില്ല: ഹരികുമാറിന്റെ വഴിവിട്ടബന്ധങ്ങൾ കൊലയ്ക്ക് കാരണമായി’

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മയെ ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ പൂജപ്പുര മഹിള മന്ദിരത്തിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മാവൻ ഹരികുമാർ എടുത്ത് കിണറ്റിൽ ഇട്ടു കൊലപ്പെടുത്തുകയായിരുന്നെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു. ഹരികുമാറിനെ വൈദ്യപരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

കുഞ്ഞിൻ്റെ അമ്മയായ സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് മൊഴി. ഇത് നടക്കാതെ വന്നപ്പോഴുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പറയുന്നത്. കുട്ടി തൻ്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ട് കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം.

ഹരികുമാറിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഹരികുമാറിന് സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്നാണ് സൂചന. ഹരികുമാർ ആവശ്യപ്പെട്ട ചില കാര്യങ്ങൾ ശ്രീതു ചെയ്തുകൊടുക്കാതിരുന്നതാണ് വൈരാഗ്യത്തിനു കാരണം. ഇവർ തമ്മിലുള്ള വാട്സാപ് സന്ദേശങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.

കൊലപാതകത്തിൽ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പങ്കിന് തെളിവില്ല. എങ്കിലും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷിക്കും. കുട്ടി കിണറ്റിൽ വീണു മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്ന് ഹരികുമാർ പൊലീസിനോട് സമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *