Malayalam Media LIve

സക്കർബർഗിന് ഇൻസ്റ്റഗ്രാമും വാട്ട്‌സാപ്പും നഷ്ടപ്പെട്ടേക്കും! കേസ് തോറ്റാൽ വിൽക്കേണ്ടി വരുമെന്ന് വിദഗ്ധർ

സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്‌ക്കെതിരെയുള്ള കേസിന്റെ വിചാരണ ആരംഭിച്ചതോടെ സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ അനിശ്ചിതത്വം. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗിനെ പ്രശസ്തമായ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പായ ഇൻസ്റ്റാഗ്രാം വിൽക്കാൻ നിർബന്ധിതനാക്കാനുള്ള സാധ്യതയാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്.

യുഎസ് കുത്തക വിരുദ്ധ നിരീക്ഷണ സംഘമായ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) നൽകിയ പരാതിയനുസരിച്ച്, മെറ്റ 2012-ൽ ഇൻസ്റ്റാഗ്രാമും 2014-ൽ വോട്‌സ്ആപ്പും വാങ്ങിയത് മത്സരാധിഷ്ഠിതമായ ബിസിനസ്സ് മാതൃക നശിപ്പിക്കാനാണ്. അക്കാലത്ത് ഈ ഏറ്റെടുക്കലിനെ അനുമോദിച്ച എഫ്.ടി.സി തന്നെ പിന്നീട് പരാതിയുമായി രംഗത്തെത്തുകയായിരുന്നു. എഫ്ടിസി വിജയിച്ചാൽ, ഇൻസ്റ്റാഗ്രാമും വോട്‌സ്ആപ്പും വിൽക്കാൻ സക്കർബർഗിനെ നിർബന്ധിക്കാം. മെറ്റ ഇതുവരെ കേസ് ജയിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും തങ്ങൾ ഏറ്റെടുത്തതോടെ ഇൻസ്റ്റഗ്രാമിന്റെ ഉപയോഗം മെച്ചപ്പെട്ടുവന്ന ദുർബലമായ മറുവാദമാണ് ഇപ്പോൾ കമ്പനി വാദിക്കുന്നത്. ഇത് ചിലപ്പോൾ സക്കർബർഗിനെ നിയമപോരാട്ടത്തിൽ പരാജയത്തിലേക്ക് എത്തിച്ചേക്കാം.

‘ഫേസ്ബുക്കിനെ ഭീഷണിപ്പെടുത്തിയ മത്സരാത്മക ആപ്പായ ഇൻസ്റ്റാഗ്രാമിനെ ഇല്ലാതാക്കാൻ ആണ് ഈ ഏറ്റെടുപ്പ് നടത്തിയത്. സക്കർബർഗിന്റെ ഇമെയിലുകളിൽ ‘മത്സരിക്കുന്നതിനേക്കാൾ വാങ്ങുന്നതാണ് നല്ലത്’ എന്ന് എഴുതിയിരിക്കുന്നു. ഇതിലേറെ വ്യക്തമായ തെളിവ് വേറെ ഇല്ലെന്നാണ് എതിർകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് സക്കർബർഗിന് അനുകൂലമായ നീക്കങ്ങൾ നടത്തുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ആദ്യ ട്രംപ് ഭരണത്തിൽ ഫേസ്ബുക്കും ട്രംപും തമ്മിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും രണ്ടാം തവണ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയൊരു സംഖ്യ സംഭാവന ചെയ്തിട്ടുള്ള കമ്പനിയാണ് മെറ്റയും സക്കർബർഗും. ഇതോടെ ട്രംപ്-മെറ്റ ബന്ധങ്ങൾ ഇപ്പോൾ മാറിയിരിക്കുന്നു. സക്കർബർഗ് ട്രംപിനെ സമീപിച്ച് ഈ കേസ് ഉപേക്ഷിക്കാൻ എഫ്ടിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ട്രംപിന് അനുകൂലമായി കമ്പനി പോളിസികളിൽ മാറ്റം വരുത്തിയിരുന്നുവെന്ന ആരോപണം ഡെമോക്രറ്റുകളും ഉയർത്തിയിരുന്നു. എന്തുതന്നെയായാലും കേസിന്റെ വിധി അനുസരിച്ചായിരിക്കും സോഷ്യൽ മീഡിയ ഭീമന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഭാവിയെന്നും വ്യക്തം.