
പാലക്കാട് നെന്മാറായിൽ നാടനെ ഞെട്ടിച്ച് ഇരട്ട കൊലപാതകം. അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയും (76) ആണ് മരിച്ചത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര എന്ന 58കാരനാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. അയൽവാസി കൂടിയായ ചെന്താമര വീടിന് മുന്നിൽ വെച്ചാണ് ഇരുവരെയും ആക്രമിച്ചത്. കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വർഷങ്ങളായുള്ള പക കാരണമാണ് ഈ ക്രൂരകൊലപാതകം എന്നാണ് അറിയുന്നത്. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുപോയിരുന്നു.
അതിന് കാരണക്കാർ സജിതയെന്ന് ആരോപിച്ചായിരുന്നു അവരെ കൊലപ്പെടുത്തിയത്. ഈ കേസിൽ വളരെ സാഹസപ്പെട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്. പിന്നീട് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങുകയായിരുന്നു. സജിതയെ കൊലപ്പെടുത്തുമ്പോൾ തന്നെ മറ്റുള്ളവരെയും കൊലപ്പെടുത്തുമെന്ന് ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങിയപ്പോൾ ഭയപ്പാടിലായ നാട്ടുകാർ ഇയാളെ ഈ പ്രദേശത്തുനിന്ന് മാറ്റണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ പരസ്യമായി ആരെയും ഭീഷണിപ്പെടുത്തിയില്ലെന്ന് പറഞ്ഞ് പോലീസ് കാര്യമായ ശ്രദ്ധ നൽകിയിരുന്നില്ല.
സജിതയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ആണ് ഇരട്ട കൊലപാതകം. ആലത്തൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.