സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലോകായുക്തക്ക് പുതിയ വാഹനം വാങ്ങാന്‍ 15 ലക്ഷം അനുവദിച്ച് ധനമന്ത്രി ബാലഗോപാല്‍. പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്നതിന് ധനവകുപ്പ് ഇറക്കിയ നിയന്ത്രണങ്ങള്‍ മറികടന്നാണ് ലോകായുക്തക്ക് 15 ലക്ഷം അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിലും ശൈലജ ടീച്ചറുടെ കോവിഡ്കാല പര്‍ച്ചേസ് കൊള്ളയിലും ലോകായുക്തയുടെ മുന്നില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് വാഹനം വാങ്ങാന്‍ 15 ലക്ഷം അനുവദിച്ചത് എന്നതാണ് ശ്രദ്ധേയം.
ലോകായുക്തയുടേയും ഉപലോകായുക്തയുടേയും ഉപയോഗത്തിന് 3 ഇന്നോവ ക്രിസ്റ്റ ഉള്ളപ്പോഴാണ് ഓഫിസ് ഉപയോഗത്തിന് 2 പുതിയ വാഹനങ്ങള്‍ 15 ലക്ഷം ധനവകുപ്പ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ബാലഗോപാല്‍ പണം അനുവദിച്ചത്.
ലോകായുക്ത ഓഫിസിന്റെ ഉപയോഗത്തിന് പുതിയ 2 വാഹനങ്ങള്‍ വാങ്ങാന്‍ 15 ലക്ഷം അനുവദിക്കണമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ആഗസ്റ്റ് 18ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി അനുമതി നല്‍കിയതോടെയാണ് ധനവകുപ്പ് ഫണ്ട് അനുവദിച്ചത് . ഒക്ടോബര്‍ 31 നാണ് അധിക ഫണ്ടായി തുക അനുവദിച്ചത്.
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് 15 ലക്ഷം അനുവദിച്ചത്. ലോകായുക്തയുടെ ശമ്പളവും അലവന്‍സുകളും നല്‍കാന്‍ 5.04 കോടി രൂപയാണ് ഒരു വര്‍ഷം ചെലവഴിക്കുന്നത്. ഓഫിസ് ചാര്‍ജുകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ആകെ ചെലവിനായി 6.34 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
വര്‍ഷം ആയിരത്തിലേറെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ലോകായുക്തയില്‍ ഈ വര്‍ഷം ഇതുവരെ ഫയല്‍ ചെയ്തത് 67 കേസുകള്‍ മാത്രമാണ് എന്നത് ലോകായുക്തയില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറയുന്നു എന്നതിന്റെ തെളിവാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2016ല്‍ 1264 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നിടത്തു നിന്നാണു താഴേക്കുള്ള പോക്ക്.