കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ ഉയരത്തിൽ കെട്ടിയ സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ‘മൃദംഗനാദം’ പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്ണകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
കൃഷ്ണകുമാറുമായി പോലീസ് കലൂർ സ്റ്റേഡിയത്തിൽ തെളിവെടുപ്പ് നടത്തി. പിഡബ്ല്യുഡിയെക്കൊണ്ട് ശാസ്ത്രീയവശങ്ങളും പരിശോധിപ്പിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഓസ്‌കാർ ഇവന്റ്‌സ് അപകടകരമായ രീതിയിലാണ് നൃത്തപരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
ഉമ തോമസ് എംഎൽഎയെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നതും കൃഷ്ണകുമാറാണ്. മുൻവശത്ത് ഒരാൾക്ക് നടന്നുപോകാൻ പോലും സ്ഥമില്ലാത്ത രീതിയിലും കൃത്യമായി ബാരിക്കേഡ് സജ്ജീകരിക്കാതെയുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഉമ തോമസ് എംഎൽഎയുടെ പരിക്ക് ഗുരുതരമാണ്. വെന്റിലേറ്ററിൽ തുടരുകയാണ്.
മുൻകൂർ ജാമ്യാപേക്ഷയുമായി സംഘാടകർ
അപകടത്തിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ മൃദംഗവിഷൻ വ്യക്തമാക്കി. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
കലൂർ സ്റ്റേഡിയത്തിൽ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തൻറെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികൾ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.