Kerala Government News

രണ്ട് ഗഡു ക്ഷാമബത്തയും ശമ്പള പരിഷ്കരണ കമ്മീഷനും; കെ.എൻ. ബാലഗോപാൽ ജനുവരി 24 ന് ബജറ്റിൽ പ്രഖ്യാപിക്കും

ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ. ജനുവരി 24നായിരിക്കും ബജറ്റ് അവതരിപ്പിക്കുക. ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ (KN Balagopal) അഞ്ചാമത്തെ ബജറ്റാണിത്. 2021- 22 ലെ പുതുക്കിയ ബജറ്റ്, 2022 – 23, 2023 – 24, 2024- 25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് എന്നിങ്ങനെ 4 ബജറ്റുകളാണ് ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചത്.

ജനുവരി മൂന്നാംവാരത്തോടെ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനം തുടങ്ങുക. ബജറ്റിൽ 6000 കോടിയുടെ അധിക നികുതി ചുമത്തി കുപ്രസിദ്ധി ആർജിച്ച ചരിത്രവും ബാലഗോപാലിന് തന്നെ. ജനപ്രിയ ബജറ്റുകൾ ആയിരുന്നില്ല ബാലഗോപാലിൻ്റെ ഇതുവരെയുള്ള ബജറ്റുകള്‍. ഓരോന്നും ജനങ്ങളെ എങ്ങനെ പിഴിയാം എന്ന് ഗവേഷണം നടത്തുന്ന രീതിയിലായിരുന്നു.

2025 ഒക്ടോബറില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ശേഷം അഞ്ച് മാസം കഴിഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പ് അടക്കം തെരഞ്ഞെടുപ്പ് വർഷം മുന്നിൽ കണ്ടാവും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകും എന്ന് കരുതാം.

100 രൂപ പോലും ക്ഷേമ പെൻഷനിൽ വർധിപ്പിക്കാതെയായിരുന്നു നാല് ബജറ്റും ബാലഗോപാൽ അവതരിപ്പിച്ചത്. എൽ.ഡി.എഫ് പ്രകടന പത്രികയിൽ 2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നായിരുന്നു വാഗ്ദാനം. അതുകൊണ്ട് തന്നെ ക്ഷേമ പെൻഷനിൽ ഇത്തവണ വർധന ഉണ്ടാകും. 2000 രൂപയായി ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കും.

6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശിക ആക്കിയ സർക്കാരിനെതിരെ ജീവനക്കാരും പെൻഷൻകാരും കടുത്ത രോഷത്തിലാണ്. അത് ശമിപ്പിക്കാനുള്ള നീക്കവും ബജറ്റിൽ ഉണ്ടാകാനുള്ള സാധ്യതകളാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2 ഗഡു ക്ഷാമബത്ത ബജറ്റിൽ പ്രഖ്യാപിക്കും. ഒപ്പം ശമ്പള പരിഷ്കരണ കമ്മീഷനേയും പ്രഖ്യാപിക്കും. മുൻഗണന നൽകേണ്ട മറ്റ് മേഖലകളെ കുറിച്ചുള്ള ചർച്ചയിലാണ് ബാലഗോപാൽ. ദുരന്തം വിതച്ച വയനാടിന് ബജറ്റിൽ പ്രത്യേക പാക്കേജും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വർഷം ആയതിനാൽ കടുത്ത നികുതി നിർദ്ദേശങ്ങൾ ഉണ്ടാകില്ലെന്നും പ്രത്യാശിക്കാം.

2500 രൂപയായി ക്ഷേമപെൻഷൻ ഉയർത്തും എന്നായിരുന്നു 2021 ലെ എൽ.ഡി.എഫ് പ്രകടന പത്രികയെങ്കിലും 100 രൂപ പോലും ബാലഗോപാൽ ഇതുവരെ കൂട്ടിയില്ലെന്ന് ചരിത്രം. 4 മാസത്തെ ക്ഷേമ പെൻഷൻ നിലവിൽ കുടിശികയും ആണ്.

ജീവനക്കാർക്കും പെൻഷൻക്കാർക്കും ശമ്പള പെൻഷൻ പരിഷ്കരണം 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ടതാണ്. ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കാനാണ് നീക്കം. ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 6 ഗഡു കുടിശികയാണ്. ബാലഗോപാൽ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടിശിക 7 ഗഡുക്കൾ ആകും.

അതുകൊണ്ട് തന്നെ ബജറ്റിൽ 2 ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.ഇത്തവണ പദ്ധതികൾ എല്ലാം വെട്ടിച്ചുരുക്കിയതോടെ നിയമസഭ പാസാക്കിയ ബജറ്റ് വെറും പ്രഹസനം ആയി മാറിയിരുന്നു.സാമൂഹ്യ ക്ഷേമ പദ്ധതികളെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ താളം തെറ്റി.

നികുതി പിരിവ് കാര്യക്ഷമമാക്കാൻ ബാലഗോപാലിന് കഴിയുന്നില്ല. സ്വർണത്തിൽ നിന്നും ബാറുകളിൽ നിന്നും ലഭിക്കേണ്ട നികുതിയുടെ അഞ്ചിലൊരു ഭാഗം മാത്രമാണ് ഖജനാവിൽ എത്തുന്നത്. ഇക്കാലയളവിൽ പാർട്ടി വളർന്നു ഖജനാവ് തളർന്നു. ധനകാര്യ മാനേജ്മെൻ്റ് കെ.എൻ. ബാലഗോപാലിന് വഴങ്ങാത്തത് ധന പ്രതിസന്ധി ഗുരുതരമാക്കുന്നു.

കഴിഞ്ഞ ബജറ്റുകളിലെ പോലെ കോടികളുടെ നികുതി കൊള്ള ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. കെ.എൻ. ബാലഗോപാൽ ആയതുകൊണ്ട് പ്രതീക്ഷ അസ്ഥാനത്താകാനും സാധ്യതയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x