വിശാഖപട്ടണം: ബാങ്കോക്കില്‍ നിന്ന് വിദേശ പല്ലികളെ എത്തിച്ച രണ്ടുപേര്‍ വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. തായ്ലന്‍ഡില്‍ നിന്ന് ആറ് നീല നാവുള്ള പല്ലികളെയാണ് ഇവരുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ഇവരുടെ പിടികൂടിയത്. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കോക്കില്‍ നിന്ന് എത്തിയ ഇരുവരെയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഇവരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ കേക്ക് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പല്ലികളെ കണ്ടെത്തുകയായിരുന്നു.
1962ലെ കസ്റ്റംസ് ആക്ട്, 1972ലെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) ലൈസന്‍സില്ലാതെ, 1972-ലെ വന്യജീവി (സംരക്ഷണം) നിയമപ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന ജീവനുള്ള മൃഗങ്ങളെ ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നത് കുറ്റകരമാണ്. പിടികൂടിയ പല്ലികളെ തായ്ലന്‍ഡിലേക്ക് തിരിച്ചയച്ചെന്ന് വൃത്തങ്ങള്‍ അറിയിച്ചു.