മുംബൈ : റിസര്‍വ് ബാങ്കിന്റെ വെബ് സീരിസ് നിർമ്മിക്കാനൊരുങ്ങി ഡിസ്നി – സ്റ്റാർ ഇന്ത്യ. 1935-ൽ സ്ഥാപിതമായ ആർബിഐ ഈ ഏപ്രിലിൽ അതിൻ്റെ 90-ാം വാർഷികം ആഘോഷിച്ചിരുന്നു. കഴിഞ്ഞ 90 വർഷമായി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ റിസർവ് ബാങ്കിൻ്റെ നിർണായക പങ്കിനെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് വെബ് സീരിസ് ഒരുങ്ങുന്നത്.
പ്രമുഖ മാധ്യമ കമ്പനികളായ സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18, സീ എൻ്റർടൈൻമെൻ്റ് നെറ്റ്വർക്ക് ലിമിറ്റഡ്, ഡിസ്കവറി കമ്മ്യൂണിക്കേഷൻസ് ഇന്ത്യ – എന്നിവർ പദ്ധതി ഏറ്റെടുക്കുന്നതിന് മത്സരിച്ചുവെങ്കിലും അന്തിമ ഘട്ടത്തിൽ ഡിസ്കവറി കമ്മ്യൂണിക്കേഷനും സീ എന്റര്ടൈന്മെന്റും അടക്കമുള്ളവ പിന്തള്ളപ്പെടുകയായിരുന്നു.
വെബ് സീരിസ് നിര്‍മ്മാണത്തിനും വിതരണത്തിനുമായി ജൂലായില്‍ ആര്.ബി.ഐ പ്രൊപ്പോസൽ ക്ഷണിച്ചിരുന്നു. 6.5 കോടി രൂപ മുതല്‍ മുടക്കിലാണ് വെബ് സീരീസ് ഒരുക്കുന്നത്. 30 മിനിട്ടുവരെ ദൈര്‍ഘ്യം വരുന്ന അഞ്ച് എപ്പിസോഡുകളായാകും വൈബ് സീരിസ് പുറത്തിറങ്ങുക.
സെൻട്രൽ ബാങ്കിൻ്റെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പിന്നിട്ട നാള്‍വഴികള്‍ അടയാളപ്പെടുത്താനുമാണ് സീരീസിലൂടെ ലക്ഷ്യമിടുന്നത്.
വിദഗ്ധ അഭിമുഖങ്ങൾ, ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ, സ്റ്റോറി നറേറ്റിങ് എന്നിവ ഉൾപ്പെടുത്തി പ്രേക്ഷകരിൽ സങ്കീർണ്ണമായ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ധാരണവരുത്തുന്നതിനാണ് പരമ്പര രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആർബിഐയുടെ പ്രധാന സംരംഭങ്ങളും സഹകരണങ്ങളും വെല്ലുവിളികളും ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ, സെൻട്രൽ ബാങ്കിൽ കൂടുതൽ സുതാര്യതയും വിശ്വാസവും വളർത്തിയെടുക്കാൻ സാധിക്കുമെന്ന് സ്റ്റാർ ഇന്ത്യ പ്രതീക്ഷിക്കുന്നു. ദേശിയ ടെലിവിഷന്‍ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.