BusinessFinanceNews

സർവകാലറെക്കോർഡ് താഴ്ചയിൽ ഇന്ത്യൻ രൂപ; രക്ഷിക്കാനൊരുങ്ങി ആർ ബി ഐ

മുംബൈ : രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയാണിത്.

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം വലിയ രീതിയിൽ പാളുന്നതും, അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയം നേടിയതിനു പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതുമാണ് തിരിച്ചടിയ്ക്ക് കാരണം.

ഇതോടെ, വിദേശനാണയ ശേഖരത്തിൽനിന്നു വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുകാക്കയാണ്. അല്ലായിരുന്നെങ്കിൽ, ഇന്നു രൂപ കൂടുതൽ ദുർബലമാകുമായിരുന്നു. റിസർവ് ബാങ്കിന്റെ ഈ നടപടിമൂലം ഇന്ത്യയുടെ വിദേശനാണയ ശേഖരം വൻതോതിൽ കുറയുന്നുമുണ്ട്.

ഒക്ടോബറിൽ 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞ വിദേശ ധനകാര്യസ്ഥാപനങ്ങൾ (എഫ്ഐഐ) ഈ മാസം ആദ്യ ആഴ്ചയിൽ മാത്രം 20,000 കോടി രൂപയുടെ ഓഹരികളും വിറ്റുപിന്മാറി.

നവംബർ ഒന്നിനു സമാപിച്ച ആഴ്ചയിൽ 267.5 കോടി ഡോളറിന്റെയും തൊട്ടുമുമ്പത്തെ ആഴ്ചയിൽ 346.3 കോടി ഡോളറിന്റെയും ഇടിവാണു ശേഖരത്തിലുണ്ടായത്. സെപ്റ്റംബറിൽ 70,000 കോടി ഡോളർ‌ എന്ന നാഴികക്കല്ല് ആദ്യമായി ഭേദിച്ച വിദേശനാണയ ശേഖരം നിലവിലുള്ളത് 68,213 കോടി ഡോളറിൽ.

യൂറോ, യെൻ എന്നിങ്ങനെ ലോകത്തെ ആറു മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ‌ ഇൻഡക്സ് മാസങ്ങളുടെ ഇടവേളയ്ക്കു പിന്നാലെ 105 നിലവാരത്തിനു മുകളിലെത്തുകയും ഡോളറിന്റെ കരുത്തിനു മുന്നിൽ ജാപ്പനീസ് യെൻ അടക്കമുള്ള മുൻനിര ഏഷ്യൻ കറൻസികൾ വീണതും രൂപയ്ക്കു വൻ സമ്മർദ്ദമാകുകയാണ്.

പ്രവാസികൾ സന്തോഷത്തിൽ…

ഡോളറിനെതിരെയും യുഎഇ ദിർഹം, സൗദി റിയാൽ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ സന്തോഷത്തിലാണ്. ഏതാനും മാസം മുൻപ് വരെ ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ 83 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ 84.38 രൂപ കിട്ടും. നേരത്തേ ഒരു യുഎഇ ദിർഹം നാട്ടിലേക്ക് അയച്ചാൽ 22 രൂപയോളമാണ് കിട്ടിയിരുന്നെങ്കിൽ ഇന്നത് 22.99 രൂപയെന്ന റെക്കോർഡാണ്. യുഎഇ ദിർഹം, സൗദി റിയാൽ തുടങ്ങിയ ഗൾഫ് കറൻസികളുടെ അടിസ്ഥാനം യുഎസ് ഡോളർ ആയതിനാൽ, ഡോളർ ഉയരുമ്പോൾ ഈ കറൻസികളുടെ മൂല്യവും ആനുപാതികമായി ഉയരും.

ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നേരത്തേ കേരളം ഒന്നാംസ്ഥാനത്തായിരുന്നെങ്കിലും ഈയടുത്തിടെ മഹാരാഷ്ട്ര കേരളത്തെ മറികടന്നിരുന്നു. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ ഏകദേശം 10 ശതമാനമാണ് കേരളത്തിലേക്ക് എത്തുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. ലോക ബാങ്കിന്റെ കണക്കുപ്രകാരം 2003ൽ 12,500 കോടി ഡോളറാണ് ഇന്ത്യയിലേക്ക് എത്തി റെക്കോർഡ് ആണ് കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *