പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നായയെ മരത്തില്‍ തൂക്കി കൊന്നതിന് അമ്മയ്ക്കും മകനുമെതിരെ പോലീസ് കെസെടുത്തു. മുല്‍ഷി തഹ്സിലിലെ പിരാംഗുട്ടിലാണ് സംഭവമുണ്ടായത്. പ്രഭാവതി ജഗ്താപിനും അവരുടെ മകന് ഓംകാര്‍ ജഗ്താപിനുമെതിരെയാണ് നായയോട് ക്രൂരത ചെയ്തതിന് കെസെടുത്തത്. സംഭവത്തില്‍ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കെറയും സാമൂഹിക മാധ്യമങ്ങളില്‍ അപലപിച്ചിരുന്നു.
നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മിഷന് പോസിബിള്‍ ഫൗണ്ടേഷന് നടത്തുന്ന മൃഗ പ്രവര്‍ത്തകയായ പദ്മിനി സ്റ്റംപ് ആണ് അമ്മയ്ക്കും മകനുമെതിരെ പരാതിയുമായി പൂനെ റൂറല്‍ പോലീസിനെ സമീപിച്ചത്. ഒക്ടോബര്‍ 22 നാണ് പ്രഭാവതി അവരുടെ വളര്‍ത്തു മൃഗമായ ലാബ്രഡോറിനെ വടികൊണ്ട് ആക്രമിച്ചത്.
പിന്നീട് മകന് ഓംകാര്‍ നായയെ മരത്തില്‍ കെട്ടിത്തൂക്കുകയും അത് കൊല്ലപ്പെടുകയും ചെയ്തു. മരത്തില്‍ തൂങ്ങിക്കിടക്കുന്ന നായയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന സംശയത്താലാണ് ഇവര്‍ നായയെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.