
ഗാസയിലെ സ്‌കൂളില്‍ വീണ്ടും ഇസ്രായേലിന്റെ നരനായാട്ട്. കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍
ഗാസയിലെ സ്‌കൂളില്‍ ഇസ്രായേല്‍ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്‍ര പ്രസ്താവനയിലാണ് മരണസംഖ്യയും പുറത്തുവിട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ എട്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടുമെന്ന് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അല്‍-അഖ്‌സ ആശുപത്രി അറിയിച്ചു.
ഒരു വര്‍ഷത്തിലേറെയായി യുദ്ധം രൂക്ഷമായ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികള്‍ താമസിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് വ്യാഴാഴ്ചത്തെ ആക്രമണം. ജബലിയയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ഓപ്പറേഷന്‍ നടത്തുകയാണ്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം കുറഞ്ഞത് 42,065 ഫലസ്തീനികള്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്.