
കൊച്ചി: ലോക്കൽ ഗുണ്ടാനേതാവ് ഓം പ്രകാശ് രണ്ടാം പ്രതിയായ മയക്കുമരുന്ന് കേസിൽ നടി പ്രയാഗ മാര്ട്ടിൻ പോലീസിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് എത്തണമെന്ന നിർദേശത്തെ തുടർന്നാണ് പ്രയാഗ ഹാജരായത്. സിനിമാ ടെലിവിഷൻ രംഗത്ത് സജീവമായ സാബുമോൻ അബ്ദുസമദും പ്രയാഗയ്ക്ക് ഒപ്പം പോലീസിന് മുന്നിലെത്തി. അഭിഭാഷകൻ കൂടിയായ സാബുമോൻ നിയമ സഹായം നൽകാനാണ് എത്തിയതെന്നാണ് വിവരം.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജാരാകണമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പ്രയാഗയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇന്ന് രാവിലെ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇരുവരും ഓം പ്രകാശിനെ സന്ദർശിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
നടന് ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പോലീസ് നാലരമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നല്‍കിയത്. ലഹരിപ്പാര്‍ട്ടി നടന്നതായി അറിവില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഭാസി പോലീസിനോട് പറഞ്ഞു. ഹോട്ടലിലെത്തിയത് ബിനു ജോസഫിന് ഒപ്പമെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കിഎന്നാണ് വിവരം.