കോഴിക്കോട്: മാധ്യമ സഥാപനമായ മാതൃഭൂമിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പരാതി നൽകി മാധ്യമ പ്രവർത്തക അഞ്ജന ശശി. ശ്രേയംസ്കുമാറിന് എഴുതിയ തുറന്ന കത്തിലാണ് മാധ്യമ സ്ഥാപനത്തിലെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരെ വിമർശനമുന്നയിച്ചത്. സ്ഥാപനത്തിലെ ഏത് പുരുഷനും സ്ത്രീകളോട് അശ്ലീല ആംഗ്യമോ ശരീര ഭാഷയോ കാണിക്കാവുന്ന സാഹചര്യമാണ് സ്ഥാപനത്തിലെന്നും അവർ വിമർശിക്കുന്നു. മാതൃഭൂമി എംഡി ശ്രേയംസ്കുമാറിൻ്റെ പെൺമക്കൾ പോലും സ്ഥാപനത്തിൽ സുരക്ഷിതരല്ലെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി. പരാതി നൽകിയപ്പോൾ അന്വേഷണ കമ്മീഷനും തന്നെ വീണ്ടും അപമാനിച്ചെന്നും അവർ പറയുന്നു.
പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യുജെ) സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് സ്ഥാപനത്തിലെ ഗുരുതരമായ സാഹചര്യങ്ങൾ വിശദീകരിച്ച് കത്തെഴുതിയത്. മുൻപ് ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാജി വെച്ചിരുന്നു. ഇയാൾക്കെതിരെ വിശദമായ അന്വേഷണമോ മറ്റ് നടപടികളോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇയാൾ മറ്റൊരു മാധ്യമ സ്ഥാപനത്തിൽ സജീവമാണ്.
സീനിയർ എച്ച് ആർ മാനേജർ ആനന്ദിനെതിരെയാണ് കത്തിൽ പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. ആന്ദിനെതിരെ മേലധികാരികൾക്ക് പരാതി നല്കിയതിൻ്റെ പേരിൽ താൻ രണ്ടുവർഷമായി പീഡനം നേരിടുകയാണെന്നും അഞ്ജന വെളിപ്പെടുത്തി. രോഗിയാണെന്നിരിക്കെ മരുന്നു കഴിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതാക്കിയെന്നും അവർ പറയുന്നു. ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിൽ വരെ ഇയാൾ ഇടപെടുന്ന സാഹചര്യം ഉണ്ടായെന്നും അവർ കത്തിൽ സൂചിപ്പിച്ചു.
മാതൃഭൂമിയിലെ എഡിറ്റർ മനോജ് കെ ദാസും എച്ച്.ആർ ആനന്ദും തമ്മിലുള്ള വ്യക്തിവിരോധത്തിന് തന്നെ ഇരയാക്കിയതാണെന്നും പരാതി നൽകിയതോടെ പ്രമോഷൻ ഉൾപ്പെടെ തടയപ്പെട്ടെന്നും കത്തിൽ പറയുന്നു. മാതൃഭൂമിയിൽ നിന്ന് നീതിലഭിക്കില്ലെന്ന് ഉറപ്പായെന്നും രാജി വെച്ച് നിയമ പോരാട്ടം നടത്തുമെന്നും അവർ വ്യക്തമാക്കി.
ശാരീരികമായി സമ്പർക്കമില്ലാതെ സ്ത്രീകൾക്ക് എതിരെ എന്ത് അശ്ലീല ആംഗ്യവും ശരീര ഭാഷയും ഏത് സ്ത്രീക്കും എതിരെ പ്രയോഗിക്കാൻ മാതൃഭൂമിയിലെ പുരുഷന്മാർക്ക് ലൈസൻസ് നൽകിയിരുന്ന അവസ്ഥയെന്നാണ് അഞ്ജന കത്തിൽ പറയുന്നത്. ആരോപണ വിധേയൻ തന്നെ അന്വേഷണം നടത്തുന്ന സാഹചര്യവും അവർ സൂചിപ്പിക്കുന്നു.
തൊഴിലിടങ്ങളിൽ ഉൾപ്പെടെ ലിംഗസമത്വം ഉറപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. മാതൃഭൂമിയിൽ നിന്ന് തുടർച്ചയായി പുറത്തുവരുന്ന സ്ത്രീവിരുദ്ധ ആരോപണങ്ങൾ സ്ഥാപനത്തിൻ്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടുന്ന തരത്തിലാണ് നീങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയുൾപ്പെടെ സമൂഹത്തിലെ ലിംഗസമത്വത്തിന് വേണ്ടി ശബ്ദമുയർത്തുന്ന മാധ്യമ പ്രവർത്തകർക്ക് തൊഴിലിടങ്ങളിൽ ലിംഗവിവേചനം അനുഭവിക്കേണ്ടി വരുന്നു എന്നതും കൃത്യമായ അന്വേഷണ സംവിധാനമോ നടപടിയോ ഉറപ്പാക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല എന്നതും സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.