ഗാസിയാബാദ്: വീട്ടില്‍ നിന്ന് മോഷണം നടത്തിയ മകന്റെ ജീവനെടുത്ത് പിതാവ്. ഗാസിയാബാദിലാണ് കുട്ടിയോട് പിതാവിന്റെ ക്രൂരത.ഗാസിയാബാദിലെ ത്യോഡി ഗ്രാമത്തില്‍ താമസിക്കുന്ന 10 വയസ്സുള്ള ആദാണ് മരണപ്പെട്ടത്. വീട്ടില്‍ നിന്ന് കുട്ടി 500 രൂപ മോഷ്ടിച്ചതെന്നാരോപിച്ചാണ് കുട്ടിയെ പിതാവ് തല്ലിക്കൊന്നത്. പിതാവ് നൗഷാദിനും രണ്ടാനമ്മ റസിയക്കുമൊപ്പമാണ് ആദ് കഴിഞ്ഞത്. ഇരുവരും അവന്‍ തെറ്റ് ചെയ്താലും ഇല്ലെങ്കിലും അവനെ ഇടയ്ക്കിടെ മര്‍ദ്ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ ദമ്പതികള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 രൂപ കാണാതെ വന്നതോടെ ആദ് പണം മോഷ്ടിച്ചതായി സംശയിച്ചു. നൗഷാദ് ഒരു പൈപ്പ് ഉപയോഗിച്ച് ആദിനെ അടിക്കാന്‍ തുടങ്ങി. കല്‍ക്കരി സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുന്ന ലോഹം കൊണ്ട് നിര്‍മ്മിച്ച ഒരു ഊതുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് കുട്ടിയുടെ ദേഹത്ത് പലതവണ ഇടിക്കുകയും പിന്നീട് തലയ്ക്ക് അടിക്കുകയും ചെയ്തത്.
തലയ്ക്ക് അടിയേറ്റതുകൊണ്ടാണ് കുട്ടി മരണപ്പെട്ടത്. നൗഷാദിനെയും റസിയയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആദിന്റെ മുത്തശ്ശിയും മുത്തച്ഛനും പോലീസില്‍ പരാതി നല്‍കിയതായെന്നും നൗഷാദിനെയും റസിയയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഗാസിയാബാദ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഗ്യാന്‍ പ്രകാശ് റായ് പറഞ്ഞു.