Crime

ഷെരീഫിന് 7 വർഷം, അനീഷയ്ക്ക് 10 വർഷം; ഷെഫീഖിനെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ചവർക്ക് തടവ് ശിക്ഷ

ഇടുക്കി: 2013ല്‍ ഇടുക്കി കുമളിയിൽ അഞ്ച് വയസുകാരൻ ഷെഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ. ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് ഏഴുവർഷം തടവും, രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് ഇടുക്കി അഡീഷണൽ ജില്ല സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ ഒടുക്കണം. പട്ടിണിക്കിട്ടും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷാവിധി വന്നിരിക്കുന്നത്. ഷെരീഫിന്റെ രണ്ടാം ഭാര്യ അനീഷ ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്.

ഇപ്പോൾ 17 വയസുള്ള ഷെഫീഖിനെ പരിചരിക്കുന്നത് നഴ്‌സായ രാഗിണിയാണ്. തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വർഷമായി പരിചരിക്കുന്ന നഴ്‌സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം. പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്

2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. വർഷങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *