ചെന്നൈ; ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതിനാല്‍ ഉപഭോക്താവ് ദേഷ്യപ്പെടുകയും വഴക്ക് പറയുകയും ചെയ്തതില്‍ മനം നൊന്ത് ഫുഡ് ഡെലിവറി ബോയ് (19) ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച കൊളത്തൂരിലെ സ്വന്തം വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. ബികോം വിദ്യാര്‍ത്ഥിയായ ജെ പവിത്രനാണ് മരിച്ചത്. പലചരക്ക് സാധനങ്ങള്‍ എത്തിക്കാന്‍ വൈകി പോയെന്നും വീട് കണ്ടെത്താന്‍ സാധിക്കാതെ വന്നതിനാലാണ് വൈകിയതെന്നും അതിന് ഉപഭോക്തവായ സ്ത്രീ തന്നെ വളരെയധികം ശകാരിച്ചുവെന്നും ഇതില്‍ മനംനൊന്താണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും യുവാവ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ബികോം പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു പവിത്രന്‍.
സെപ്തംബര്‍ 11ന് പവിത്രന്‍ കൊരട്ടൂരിലെ ഒരു വീട്ടില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോയിരുന്നു. വീടു കണ്ടെത്താന്‍ സമയമെടുത്തിരുന്നുവെന്നും വൈകിയതിനാല്‍ ഭക്ഷണം കൈമാറിയപ്പോള്‍ ഉപഭേക്താവായ സ്ത്രീ ഡെലിവറി ബോയിയുമായി വഴക്കിട്ടു. മാത്രമല്ല, ഡെലിവറി കമ്പനിക്ക് പരാതി നല്‍കുകയും പവിത്രനെ ഡെലിവറിക്ക് വീണ്ടും അയയ്ക്കരുതെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പവിത്രനെ കമ്പിനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം പവിത്രന്‍ യുവതിയുടെ വീടിന് നേരെ കല്ലെറിയുകയും ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്തു. യുവതി പോലീസില്‍ പരാതി നല്‍കിയതോടെ താക്കീത് നല്‍കി വിട്ടയച്ചു. പിന്നീടാണ് പവിത്രന്‍ ആത്മഹത്യ ചെയ്തത്. കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.