
കണ്ണൂർ: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നതായി പരാതി. ഏച്ചൂർ സ്വദേശി റഫീഖിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളുടെ പക്കൽ നിന്നും 9 ലക്ഷം രൂപ അക്രമികൾ കവർന്നെടുത്തു.
പുലർച്ചെ ബെംഗളൂരുവിൽ നിന്നും ബസ് ഇറങ്ങിയ സമയത്തായിരുന്നു അതിക്രമം. കാറിൽ നിന്നും മൂന്നാളുകൾ ഇറങ്ങി വലിച്ചു കയറ്റുകയായിരുന്നുവെന്നും പണത്തിനായി മർദ്ദിച്ചുവെന്നും റഫീഖ് പറഞ്ഞു. പണം കവർന്ന ശേഷം റഫീഖിനെ കാപ്പാട് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
അവശനിലയിൽ കിടന്ന റഫീഖിനെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. മുഖംമൂടി ധരിച്ചാണ് അക്രമികൾ സ്ഥലത്തെത്തിയത്. അതിനാൽ മുഖം കാണാൻ സാധിച്ചില്ലെന്നും റഫീഖ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.