ശശിക്കും അജിത്കുമാറിനും ആശ്വാസം! പദവിയില്‍ നിന്നൊഴിവാക്കില്ല

എഡിജിപിക്കെതിരെ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

P Sasi and MR Ajithkumar IPS
പി. ശശി, എംആർ അജിത് കുമാർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരെയും പദവിയിൽ നിന്ന് ഒഴിവാക്കില്ല. എഡിജിപിക്കെതിരെ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

സംസ്ഥാനത്തെ ഏറ്റവും പവർഫുൾ ആയ ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ അന്വേഷണം വെറും പ്രഹസനമാകുമെന്ന് ഉറപ്പാണ്. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ്.

മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും മണിക്കൂറുകൾ ചർച്ച നടത്തിയാണ് നടപടികൾക്ക് തീരുമാനമായത്. പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട അന്തർനാടകങ്ങൾക്കൊടവിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്.

ആരോപണത്തിൻറെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. പക്ഷെ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രം.

ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലെ സംഘത്തിൽ ഐ.ജി ജി.സ്പർജൻകുമാർ, ഡി.ഐ.ജി തോംസൺ ജോസ്, എസ്.പിമാരായ എസ്.മധുസൂദനൻ, എ.ഷാനവാസ് എന്നിവരാണുള്ളത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.

അന്വേഷണസംഘം പ്രഖ്യാപിച്ചതോടെ അജിത്കുമാറിനെയും പി.ശശിയേയും മാറ്റില്ലെന്ന് ഉറപ്പായി. അജിത്കുമാറിനെ മാറ്റിയാൽ പി.ശശിയേയും മാറ്റാൻ ആവശ്യം ഉയരും. അതിനാൽ കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ തെളിയും വരെ അജിത്കുമാറിനെ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന പ്രധാന പദവിയിൽ ഇരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് നീതിയുക്തമാകുമോയെന്ന സംശയം ഉയരുന്നുണ്ട്.

ഡി.ജി.പി ഒഴിച്ച് ബാക്കി നാല് പേരും അജിത്കുമാറിന്റെ ജൂനിയറും കീഴുദ്യോഗസ്ഥരുമാണ്. അതിനാൽ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളേക്കാൾ ഗൗരവവും വിശ്വാസവും മുഖ്യമന്ത്രി പൊളിറ്റിക്കൽ സെക്രട്ടറിക്കും വിശ്വസ്തനായ എ.ഡി.ജി.പിക്കും നൽകിയെന്ന് ചുരുക്കം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments