ഷംസീറിന്റേത് പോലെയാകരുത് ഓണസദ്യ; മുഖ്യമന്ത്രിയുടെ ഉപദേശം

മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് സി.എം. രവീന്ദ്രന്റെ നെട്ടോട്ടം; പത്തുലക്ഷം രൂപയുടെ ഓണസദ്യയില്‍ വീഴ്ചയുണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശം

നാളെയാണ് മുഖ്യമന്ത്രിയുടെ ഓണസദ്യ. പൗരപ്രമുഖര്‍ക്കുവേണ്ടി ഒരുക്കുന്ന പത്ത് ലക്ഷംരൂപയുടെ ഓണസദ്യ എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനാണ് ചുമതല.

കഴിഞ്ഞദിവസം നിയമസഭയില്‍ സ്പീക്കര്‍ ഷംസീര്‍ ജീവനക്കാര്‍ക്കുവേണ്ടി ഒരുക്കിയ ഓണസദ്യ പാളിയതോടെ ശക്തമായ മുന്നൊരുക്കങ്ങളാണ് സി.എം. രവീന്ദ്രന്‍ നടക്കുന്നത്. കാട്ടാക്കടയിലെ സ്ഥാപനമാണ് ഷംസീറിന്റെ ഓണ സദ്യ നടത്തിയതെങ്കില്‍ നഗരത്തിലെ മുന്തിയ സ്ഥാപനത്തിനാണ് മുഖ്യമന്ത്രിയുടെ ഓണ സദ്യ നടത്താനുള്ള ചുമതല.

ഇന്നലെ നിയമസഭാ ജീവനക്കാര്‍ക്കുവേണ്ടി സ്പീക്കര്‍ ഒരുക്കിയ ഓണസദ്യ ആവശ്യത്തിന് തികയാതെ വന്നിരുന്നു. ഇതേക്കുറിച്ചുള്ള വാർത്ത ഇന്നലെ മലയാളം മീഡിയ .ലൈവ് പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ വാർത്താ ചാനലുകളും മനോരമദിനപത്രം ഉള്‍പ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ആദ്യപന്തിയില്‍ 450 പേര്‍ കഴിച്ചതിന് ശേഷം സദ്യകഴിക്കാനിരുന്ന സ്പീക്കറും വി.ഐ.പികളും ഏറെ നേരം കാത്തിരുന്ന ശേഷം പഴവും പായസവും മാത്രം കഴിച്ച് വേദി വിടേണ്ടി വന്നിരുന്നു. 1300 പേര്‍ക്ക് വേണ്ടി ഒരുക്കുമെന്ന് പ്രഖ്യാപിച്ച ഓണസദ്യകഴിക്കാന്‍ പകുതിയോളം ജീവനക്കാര്‍ക്കും ഭാഗ്യമുണ്ടായില്ല.

ഇതിനാല്‍ തന്നെ, മുഖ്യമന്ത്രിയുടെ ഓണസദ്യ പാളരുത് എന്ന കര്‍ശന നിര്‍ദ്ദേശം സി.എം രവീന്ദ്രന്‍ നല്‍കിയിട്ടുണ്ട്. പൗര പ്രമുഖര്‍ക്കാണ് മുഖ്യമന്ത്രി നാളെ ഓണ സദ്യ ഒരുക്കുന്നത്. ഷംസീര്‍ നടത്തിയ അതേ വേദിയിലാണ് പിണറായിയുടേയും ഓണസദ്യ. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ലോഞ്ചിലാണ് വിരുന്ന്.

ഓണസദ്യ പാളിയത് നാണക്കേടായതോടെ അന്വേഷിക്കാന്‍ നിയമസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഷംസീര്‍. പഴവും പായസവും കഴിച്ച് ഷംസീര്‍ പോയതിന് പിന്നാലെ ഓണസദ്യ കഴിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും എത്തിയിരുന്നു. സദ്യ തീര്‍ന്നെന്ന് അറിഞ്ഞതോടെ ബാലഗോപാല്‍ മടങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments