വീണയുടെ മെന്റര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ശക്തന്‍; പിഡബ്ല്യുസിയിലേക്ക് ഒഴുകുന്നത് കോടികളുടെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍; സജി ചെറിയാന്റെ വകുപ്പില്‍ നിന്ന് ഇറങ്ങിയ ഉത്തരവ് മലയാളം മീഡിയക്ക്
തിരുവനന്തപുരം: വിവാദ കമ്പനി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് സാംസ്‌കാരിക വകുപ്പിന്റെ കരാര്‍ നീട്ടി നല്‍കി മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ മെന്ററായിരുന്ന ജെയ്ക് ബാലകുമാറിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് അഥവാ പിഡബ്ല്യുസി.
2017 മുതല്‍ സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന കിഫ്ബി പദ്ധതികളുടെ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ്. ഈ പദ്ധതികളുടെ പ്രോജക്റ്റ് കണ്‍സള്‍ട്ടന്റായി 2017 മുതല്‍ തന്നെ പിഡബ്ല്യുസിയാണ്. ഈ കരാറാണ് വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്. 2022 ഡിസംബറില്‍ അവസാനിച്ചിരുന്ന കരാര്‍ ഒരുവര്‍ഷത്തേക്കുകൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്.
ഈ മാസം 22ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഇതു സംബന്ധിച്ച ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് മലയാളം മീഡിയക്ക് ലഭിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ വിവാദ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ മെന്റര്‍ ജെയ്ക്ക് ബാലകുമാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ ഡയറക്ടറായിരുന്നു. കോടികളുടെ കണ്‍സള്‍ട്ടന്‍സിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് ലഭിച്ചത്.
സെക്രട്ടറിയേറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഓഫിസ് തുടങ്ങാനുള്ള പദ്ധതിയും ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ കാര്യക്ഷമതയില്ലാത്തവര്‍ ആണെന്നും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സെക്രട്ടേറിയേറ്റില്‍ അത്യാവശ്യമാണെന്നും ഗതാഗത സെക്രട്ടറിയായിരുന്ന ജ്യോതിലാല്‍ എഴുതിയ കത്ത് പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു. അതുകൊണ്ടുമാത്രമാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സെക്രട്ടറിയേറ്റില്‍ കുടിയിരുത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
കെ ഫോണ്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സായിരുന്നു. സ്വപ്ന സുരേഷിന് പിന്‍വാതില്‍ നിയമനം കെ ഫോണില്‍ തരപ്പെടുത്തി കൊടുത്തത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ വഴിയായിരുന്നു. 3 ലക്ഷം രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം. ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗം സ്വപ്നയുടെ ശമ്പളം തിരിച്ചു പിടിക്കണം എന്ന് വസ്തുതകള്‍ നിരത്തി റിപ്പോര്‍ട്ട് കൊടുത്തെങ്കിലും പിണറായിയുടെ ഐ.ടി. വകുപ്പ് ആ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തോളം പൂഴ്ത്തി.
സ്വപ്ന സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ ആ റിപ്പോര്‍ട്ട് പൊടി തട്ടിയെടുത്തു. സ്വപ്നക്ക് നല്‍കിയ 18 ലക്ഷം രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് തിരിച്ചടക്കണമെന്ന് ഐ.ടി. വകുപ്പ് കത്ത് നല്‍കി. ഇതിനെതിരെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പകൂപ്പേഴ്‌സ് കോടതിയില്‍ പോയി. ഖജനാവില്‍ നിന്ന് പോയ 18 ലക്ഷം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇതിനെ തുടര്‍ന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ കെ ഫോണ്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് ഒഴിവാക്കി.
സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ വാരിക്കോരി കൊടുക്കുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ മകളും തമ്മിലുള്ള ബന്ധം വളരെ പ്രശസ്തമാണ്. പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറും വീണ വിജയന്റെ കമ്പനിയുമായി ആയി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പിണറായിയുടെ ആദ്യ നിലപാട്. ഇതിനെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടിസ് നല്‍കിയതോടെ പിണറായി പെട്ടു. വീണയുടെ കമ്പനിയുടെ മെന്റര്‍ ആണ് ജെയ്ക്ക് ബാലകുമാര്‍ എന്ന് പിണറായിക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങനൊരു മെന്ററേയില്ലെന്നായിരുന്നു ആദ്യം പിണറായിയുടെ പിടിവാശി.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ സാന്നിദ്ധ്യം ശക്തമാണെന്ന് സാംസ്‌കാരിക വകുപ്പില്‍ നിന്നിറങ്ങിയ ഉത്തരവില്‍ നിന്ന് വ്യക്തം. കിഫ് ബി തലവനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൂടിയായ ഡോ. കെ.എം. എബ്രഹാമാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനുവേണ്ടി നിലകൊള്ളുന്നത്. ഇത് ആര്‍ക്കു വേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തം.