
ഇന്നാണ് ഇന്നാണ് ടി20 ഫൈനൽ; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ
അങ്ങനെ ക്രിക്കറ്റ് ലോകം കാത്തിരുന്ന സുദിനം എത്തിച്ചേർന്നു. ടി20 ലോകകപ്പ് ഫൈനൽ. കുട്ടിക്രിക്കറ്റിലെ ചാമ്പ്യൻ കിരീടം ആരുയർത്തുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. കുട്ടിക്രിക്കറ്റിലെ കന്നിജേതാക്കളായ ഇന്ത്യക്ക് വർഷങ്ങളുടെ കിരീട വരൾച്ചക്കുശേഷം സമ്മോഹന നേട്ടത്തിലെത്താൻ ഇത് സുവർണാവസരമാണ്. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ കിരീട പോരാട്ടം.

കഴിഞ്ഞ ദിവസം മഴകാരണം വൈകിയ സെമിഫൈനലിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യയുടെ വരവ്. കറുത്ത കുതിരകളായ അഫ്ഗാനിസ്താനെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയമായിരുന്നു ദക്ഷിണാഫ്രിക്കക്ക്. 2007ലെ ആദ്യ കിരീടത്തിനുശേഷം ഇന്ത്യക്ക് ഈ ലോകകപ്പ് അന്യമാണ്. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയിട്ടും ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി.
രോഹിത് ശർമ മികച്ച ഫോമിലാണെങ്കിലും കോഹ്ലിയുടെ കാര്യം കട്ടപ്പൊകയാണ്. ഏഴ് കളികളിൽനിന്ന് 75 റൺസാണ് കോഹ്ലി ടൂർണമെന്റിൽ സ്കോർ ചെയ്തത്. 10.71 മാത്രമാണ് റൺസ് ശരാശരി. ഐ.പി.എല്ലിലെ തകർപ്പൻ ഫോമിന് പിന്നാലെ ഏറെ പ്രതീക്ഷയായിരുന്നു കോഹ്ലിയിൽ ടീമിനുണ്ടായിരുന്നത്. എന്നാൽ ദേശീയ ടീമിൽ ഓപ്പണർ റോളിൽ വന്നിട്ടും, കോഹ്ലിക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. കോഹ്ലിയെ മധ്യനിരയിലേക്ക് മാറ്റി യശ്വസി ജയ്സ്വാളിനെ ഓപണറാക്കണമെന്ന ആവശ്യം ചിലർ ഉന്നയിച്ചിരുന്നു.

കോഹ്ലിയെ ബാറ്റിങ് ഓർഡിൽ താഴേക്ക് മാറ്റി ശിവം ദുബെയെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഏറ്റവും മോശം ഫോമിലുള്ള ശിവം ദുബെക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ വിമർശനമാണുയരുന്നത്. എന്നാൽ, നിർണായക മത്സരത്തിൽ ടീമിൽ മാറ്റം വരുത്താൻ സാധ്യതകൾ കുറവാണു. അതായത് ശിവം തുടരാൻ തന്നെയാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല.
ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഫോമിലാണ്. ബൗളർമാരുടെ കാര്യത്തിൽ ആശങ്ക തീരേയില്ല. അർഷദീപ് സിങ്ങും ജസ്പ്രീത് ബുംറയും ഹാർദികും കുൽദീപ് യാദവും രവീന്ദ്ര ജദേജയും അക്സർ പട്ടേലും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സെമി കഴിഞ്ഞ് ഒരുദിവസത്തെ മാത്രം ഇടവേളയാണ് ഇന്ത്യൻ ടീമിന് ലഭിച്ചത്. ദക്ഷിണാഫ്രിക്കക്ക് രണ്ട് ദിവസത്തെ വിശ്രമം ലഭിച്ചിരുന്നു.

ഫൈനലിലെത്തിയെങ്കിലും പ്രമുഖ ബാറ്റർമാർ പലരും ഫോമിലല്ല. ഓപണർമാരായ ക്വിന്റൺ ഡികോക്കും റീസ ഹെൻഡ്രിക്സും തുടക്കം ഗംഭീരമാക്കിയാൽ ടീമിന് ഏറെ മുന്നേറാനാകും. ക്യാപ്റ്റൻ എയ്ഡൻ മാർക്രൃം സൂപ്പർ എട്ടിൽ വമ്പൻ സ്കോറൊന്നും നേടിയിട്ടില്ല. ഹെന്റിച്ച് ക്ലാസനാണ് മറ്റൊരു വെടിക്കെട്ട് വീരൻ. മഴ പെയ്യാൻ സാധ്യത ഏറെയായതിനാൽ ഇന്ന് കളി മുടങ്ങിയാൽ നാളെ റിസർവ് ഡേയുണ്ട്.