NationalPolitics

മഹാരാഷ്ട്രയില്‍ ഒറ്റഘട്ടം. ജാര്‍ഖണ്ഡില്‍ രണ്ടും, തെരഞ്ഞെടുപ്പ് തീയതികള്‍ പുറത്ത് വിട്ട് കമ്മീഷന്‍

ഡല്‍ഹി; ഹരിയാന, ജമ്മുകാശ്മീര്‍ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന്ത്യ ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ് മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഇപ്പോഴിതാ ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 20-നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒറ്റഘട്ടമായി മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 13-നും 20-നുമാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇരു ഫലങ്ങളും നവംബര്‍ 23-ന് പ്രഖ്യാപിക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26ന് അവസാനിക്കും. ജാര്‍ഖണ്ഡിൻ്റേത് ജനുവരി അഞ്ചിനും അവസാനിക്കും. നാമനിര്‍ദ്ദേശം ആരംഭിക്കുന്നത് ഒക്ടോബര്‍ 22 മുതലാണ്. നാമനിര്‍ദ്ദേശം ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 29 ആണ്.

ഇത്തരം തെരഞ്ഞടുപ്പ് സ്വാതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണെന്നും നിലവാരം ഉയര്‍ത്തുന്ന വോട്ടെടുപ്പാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി. 2019ല്‍, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം അന്നത്തെ ഏകീകൃത ശിവസേനയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി (എംവിഎ) 288 സീറ്റുകളില്‍ 154 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ ശിവസേനയും എന്‍സിപിയും രണ്ടായി പിരിഞ്ഞു. ജാര്‍ഖണ്ഡില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ജെഎംഎം 30 സീറ്റുകള്‍ നേടി 16 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാലിപ്പോള്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ബിജെപിയുമായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണ്.

12 കോടി വോട്ടര്‍മാരാണ് ഇരു സംസ്ഥാനങ്ങളിലും വോട്ട് രേഖപ്പെടുത്തുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയുമായി സഖ്യമുള്ള മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ടെന്നതും അതിനുള്ള ചരടുവലികള്‍ തുടങ്ങിയെന്നതും വ്യക്തമാണ്. ഹരിയാനയിലെ പോലെ എക്‌സിറ്റ് പോളുകളെല്ലാം തകിടം മറിക്കുന്ന ബിജെപി ജാലകവിദ്യ മഹാരാഷ്ട്രയില്‍ നടക്കുമോയെന്ന് കണ്ടറിയാം.

Leave a Reply

Your email address will not be published. Required fields are marked *