ന്യൂഡൽഹി: പ്രമുഖ എഴുത്തുകാരിയും ബുക്കർപ്രൈസ് ജേതാവുമായ അരുന്ധതി റോയിയെ യു.എ.പി.എ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന അനുമതി നൽകി. 2010ൽ കശ്മീരി പണ്ഡിറ്റ് ആയ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് അരുന്ധതി റോയിക്കും കശ്മീർ കേന്ദ്ര സർവകലാശാലയിലെ മുൻ പ്രഫസർ ഡോ. ശൈഖ് ഷൗക്കത്ത് ഹുസൈനുമെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) 45 (1) വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയത്. ഇതേ കേസിൽ ക്രിമിനൽ നടപടിക്രമം 196 പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പ്രോസിക്യൂഷൻ നടപടിക്ക് ലഫ്റ്റനന്റ് ഗവർണർ കഴിഞ്ഞ ഒക്ടോബറിൽ അനുമതി നൽകിയിരുന്നു.
ഡൽഹിയിലെ ഒരു സമ്മേളനത്തിൽ കശ്മീരിനെ ഇന്ത്യയിൽനിന്നും വേർപെടുത്തുന്ന കാര്യം അരുന്ധതി സംസാരിച്ചുവെന്ന് ലഫ്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്നിവാസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
അന്തരിച്ച കശ്മീരിലെ ഹുർറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, എസ്.എ.ആർ ഗീലാനി, വരവര റാവു എന്നിവരും പരിപാടിയിൽ സംസാരിച്ചിരുന്നുവെന്ന് പരാതിയിലുണ്ട്. കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും ഇന്ത്യൻ സായുധസേന ബലപ്രയോഗത്തിലൂടെ ഇന്ത്യയുടെ ഭാഗമാക്കിയതാണെന്നും ജമ്മു-കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്നും ഗീലാനിയും അരുന്ധതിയും പ്രസംഗിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു.
അരുന്ധതി അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ ഹരജിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.