മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജനശക്തി മാസിക എഡിറ്ററുമായ ജി ശക്തിധരന്‍. അധികാരപ്രമത്തതയാല്‍ പിണറായി വിജയന്‍, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ ”വിവരദോഷി”യെന്ന് വിളിച്ചു നിന്ദിക്കുമ്പോള്‍ അത് മലയാളികള്‍ കയ്യും കെട്ടി ഇരുന്ന് കേള്‍ക്കണോയെന്ന് ശക്തിധരന്‍ ചോദിക്കുന്നു. ഇതേ നാവുകൊണ്ടല്ലേ ആര്‍എസ്എസ് സംഘ ചാലകിനെ ഋഷി തുല്യന് എന്ന് വിളിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
ഭൂമിയോളം താണ ചെറിയ മാടത്തിൽ പിറന്ന് വളർന്ന് വളർന്ന് വലിയ പദവികളിൽ എത്തിയ മാറോളി കോരന്റെ മകൻ വിജയൻ ഹെലികോപ്റ്ററിൽ പറന്ന് വിഹരിക്കുമ്പോൾ, നാൽപ്പതിലേറെ കാറുകളുടെ അകമ്പടിയോടെ തെരുവീഥികളിൽ പുളയ്ക്കുമ്പോൾ അത് പട്ടിണിപ്പാവങ്ങളുടെ ഓട്ടക്കാലണ നുള്ളിപ്പെറുക്കിയുള്ള അർമാദിക്കൽ ആണെന്ന് തിരിച്ചറിയാതെ പോകുന്നെങ്കിലും അതിനെ ഒരപരാധമായി കാണണ്ട. നമുക്ക് അത് പൊറുക്കാം. സകല സൌഭാഗ്യങ്ങളും നിറഞ്ഞു തുളുമ്പുന്ന രമ്യഹർമ്മ്യത്തിന്റെ തിരുമുറ്റത്ത് മാർബിൾ തളിക പോലെ കെട്ടിയുണ്ടാക്കിയ നീന്തൽക്കുളത്തിൽ പിറന്നമേനിയിൽ അച്ചിയുമായി നീരാടി രമിക്കുന്നതും ഖജനാവിലെ തുട്ടുകൾ കൊണ്ടാണെങ്കിലും അതും വലിയ അപരാധമായി കാണണ്ട.
അപ്പൂപ്പന്റെ ബാല്യവും യൌവ്വനവും ഏത് നീന്തൽക്കുളത്തിലായിരുന്നു എന്ന് ഇന്തോനേഷ്യയിലെ നക്ഷത്രങ്ങൾ വിരിച്ച പറുദീസയിൽ നീരാടവേ പേരക്കുട്ടി ചോദിച്ചാലും വീണമോൾ കണ്ണിറുക്കിക്കാട്ടി ഒഴിഞ്ഞാൽ മതി. അതൊന്നും ഇപ്പോൾ ചികഞ്ഞെടുക്കണ്ട എന്ന സിഗ്നൽ കൌശലപൂർവ്വം കൊടുത്ത് നിന്റെ അപ്പൂപ്പനും അദ്ദേഹത്തിന്റെ അപ്പൂപ്പനും അത്തപ്പാടികൾ ആയിരുന്നു എന്ന സത്യം മറച്ചു പിടിച്ചാൽ മതി . അൽപ്പന് ഐശ്വര്യം വന്നാൽ ….. എന്നൊരു ചൊല്ലില്ലേ. പഴഞ്ചൊൽ പ്രപഞ്ചത്തിൽ അത് എവിടെ കണ്ടാലും കൂലിപ്പടയാളികളെ കൊണ്ട് അത് കീറി മാറ്റിക്കണം. എഴുതാപ്പുറം വായിക്കണ്ട എന്ന് പേരക്കുട്ടിയോട് പറഞ്ഞാൽ മതി.
എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചാണ് അപ്പൂപ്പൻ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഉൽസവം പോലും വെട്ടിച്ചു പേരക്കുട്ടിക്കു കണ്ണഞ്ചിക്കുന്ന സിംഗപ്പൂർ ലൈറ്റ് ഉൽസവം കാണിയ്ക്കാൻ തരപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ,
രാജ്യം നിർണായക പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുള്ളുമ്പോൾ അത് ബഹിഷ്ക്കരിച്ച് വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പറഞ്ഞാലും അത് മാനിക്കാൻ സൌകര്യപ്പെടില്ലെന്ന് പറയാനുള്ള അവകാശം ചെലവിന് കൊടുക്കുന്ന നേതാവിന് ഉണ്ടെന്ന് പറഞ്ഞാൽ ആരും ചൊടിച്ചിട്ടു കാര്യമില്ല.
പക്ഷേ സമൂഹം ജാതിമത വകഭേദങ്ങൾക്കതീതമായി ഹൃദയത്തിൽ വെച്ച് ആരാധിക്കുന്ന ഉൽപ്പതിഷ്ണുവായ മതപുരോഹിതനായ ബിഷപ്പിനെ രാഷ്ട്രീയ വൈരം കാരണം പാർട്ടിയുടെ കത്തികൊണ്ട് ക്ഷൌരം ചെയ്തുകളയുമെന്ന് ഏതെങ്കിലും നൃശംസൻ പറഞ്ഞാൽ കേരളം അതിന് കീഴപ്പെട്ടുകളയുമെന്ന് കരുതരുത്. ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിനെ “വിവരദോഷി” യെന്ന് അധികാരപ്രമത്തതയാൽ വിളിച്ചു നിന്ദിക്കുമ്പോൾ അത് മലയാളികൾ കയ്യും കെട്ടി ഇരുന്ന് കേൾക്കണോ?
ഇങ്ങിനെ വിളിയ്ക്കുന്നത് ഭരണചക്രം തിരിക്കുന്ന ഒരു ഭരണാധികാരിയാണെങ്കിൽ അയാളുടെ മനോനില പരിശോധിക്കേണ്ടതല്ലേ? കേരളം ജന്മം കൊണ്ടശേഷം ബിഷപ്പുമാരെ ദുഷിക്കാനും നിന്ദിക്കാനുമുള്ള അവകാശം ഇദ്ദേഹത്തിനെ ആരെങ്കിലും എൽപ്പിച്ചിട്ടുണ്ടോ? ഇങ്ങിനെ വിളച്ചിലെടുക്കുന്ന മാടമ്പിയെ പൊതുനിരത്തിൽ കൊണ്ട് നിർത്തി എന്തുകൊണ്ട് പൊതുസമൂഹം ഏത്തമിടീക്കുന്നില്ല?
ആര് എസ്സ് എസ്സ് സംഘചാലക്കിനെ “ഋഷി തുല്യന്” എന്ന് (2020 ഫെബ്രുവരി 9 ) വിശേഷിപ്പിച്ചത് ഇതേ നാവ് കൊണ്ട് അല്ലേ? മുഖ്യമന്ത്രിയുടെ ഇതേ കസേരയിലിരുന്നല്ലേ? ബിഷപ്പാകുമ്പോൾ വെറും വിവരദോഷി!. ജന്മം കൊണ്ട് പൊതുരംഗത്തേക്ക് പ്രവേശിച്ച നാൾ മുതൽ കമ്മ്യൂണിസ്റ്റ് വിരുദ്ധത പുലമ്പിയിരുന്നായാളെയാണ് ഈ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി “ഋഷി” എന്ന് വിളിച്ചു ആദരിച്ചതെന്നത് കേരളം മറക്കില്ല. ഇതാണ് മോദി പേടി! കൊള്ള മുതലിനൊപ്പം തന്നെയും മകളേയും ജയിലിൽ അടയ്ക്കുമോ എന്ന ഭയം കാരണം സംഘ പരിവാറിന്റെ ഏതും തൂണും പിടിക്കും. അത്രയേയുള്ളൂ ഈ ഭീരു.