
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തിന്റെ വോട്ടുപിടിച്ച് മുന്നേറ്റമുണ്ടാക്കാമെന്ന സിപിഎം തന്ത്രത്തിന് കിട്ടിയത് കനത്ത തിരിച്ചടി. മുസ്ലിം സമുദായ സംഘടനകളില്‍ നിന്ന് മുമ്പ് കിട്ടിക്കൊണ്ടിരുന്ന പിന്തുണ പോലും ഇത്തവണ കിട്ടിയില്ലെന്നതാണ് വസ്തുത. ഉദാഹരണത്തിന് എ.പി വിഭാഗം സമസ്തയുടെ നേതാക്കള്‍ സിപിഎം അനുകൂലമായി ചിന്തിക്കുന്നവരാണെങ്കിലും വോട്ടിട്ടപ്പോള്‍ അവരുടെ അണികള്‍ യുഡിഎഫിന് അനുകൂലമായി ചിന്തിച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഫലസ്തീന്‍, പൗരത്വ വിഷയങ്ങള്‍ പോലുള്ള അന്തര്‍ദേശീയ ദേശീയ വിഷയങ്ങളില്‍ മുസ്ലിം സമുദായത്തോടൊപ്പവും സംസ്ഥാനത്ത് മുസ്ലിം അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരുപ്രത്യേക തരം അടവുനയത്തിന് സമുദായം കനത്ത തിരിച്ചടിയാണ് ഇത്തവണ സിപിഎമ്മിന് നല്‍കിയത്.
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പല വിഷയങ്ങളിലും മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലായിരുന്നു വോട്ടിങിന്റെ ട്രെന്റ് തെളിയിച്ചത്.
സമസ്തയും മുസ്‌ലിം ലീഗും
സമസ്തയും മുസ്‌ലിം ലീഗും തമ്മിലെ പ്രശ്‌നങ്ങളില്‍ മുതലെടുപ്പിനുള്ള പാര്‍ട്ടി ശ്രമം ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെന്നാണ് പൊന്നാനിയിലെ അബ്ദുസ്സമദ് സമദാനിയുടെ ഭൂരിപക്ഷം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ മുസ്ലിംലീഗിനെ പ്രകീര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ ഒരു മുന്‍ മുസ്ലിംലീഗ് നേതാവിനെ മത്സരിപ്പിക്കുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പില്‍ മാത്രം മുസ്ലിം ലീഗ് വിരുദ്ധ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചത് തന്നെ രാഷ്ട്രീയ അബദ്ധമായിരുന്നു.

സമുദായ സ്വാധീനമുള്ള ഒറ്റ മണ്ഡലത്തിലും എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, യു.ഡി.എഫ് വന്‍ മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന ആക്ഷേപം മുസ്ലിം സമുദായത്തിനകത്ത് ശക്തമായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സമുദായത്തില്‍നിന്ന് തീര്‍ത്തും അകന്നു. കോര്‍പറേഷനുകളുടെ തലപ്പത്തുനിന്ന് സമുദായം മാറ്റിനിര്‍ത്തപ്പെട്ടു. സംവരണ, സ്‌കോളര്‍ഷിപ് വിഷയങ്ങളില്‍ സാമുദായിക സംഘടനകളുടെ ആവശ്യങ്ങള്‍ നിരാകരിച്ചു.
ആഭ്യന്തര വകുപ്പിനെതിരെയും വ്യാപക പരാതി
ആഭ്യന്തര വകുപ്പിനെതിരെയും വ്യാപക പരാതികളാണുയര്‍ന്നത്. സി.പി.എം കൂടി പിന്തുണച്ച സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ കേസെടുത്ത വിഷയത്തില്‍ പാര്‍ട്ടിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്റെ നിലപാടും പ്രതികള്‍ക്ക് അനുകൂലമായ കോടതിവിധിയും സമുദായ വോട്ടുകളെ സ്വാധീനിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് കേസിലകപ്പെടുത്തിയതും അതിനെ ഔദ്യോഗിക യോഗത്തില്‍ വിമര്‍ശിച്ച ഡോ. ഹുസൈന്‍ മടവൂരിനെ മുഖ്യമന്ത്രി അപമാനിച്ചതും സമുദായത്തിനകത്ത് സര്‍ക്കാറിനെതിരായ വികാരം സൃഷ്ടിച്ചു.
കോണ്‍ഗ്രസിന്റെ മുസ്‌ലിം സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെ വടകരയില്‍ വര്‍ഗീയ കാര്‍ഡിറക്കി നേരിടാന്‍ ശ്രമിച്ചതും കോഴിക്കോട് എം.കെ. രാഘവനെ നേരിടാന്‍ ന്യൂനപക്ഷ കാര്‍ഡിറക്കി എളമരം കരീമിനെ അവതരിപ്പിച്ചതും മുസ്ലിം വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. കോഴിക്കോട് 36 ശതമാനവും വടകരയില്‍ 32 ശതമാനവും മുസ്‌ലിം വോട്ടാണ്.
ഷാഫിയുടെ മാസ് എന്‍ട്രി വടകരയിലുണ്ടാക്കിയ ഓളത്തിന്റെ വെപ്രാളത്തില്‍ സി.പി.എം പിന്നീട് ചെയ്തുകൂട്ടിയതെല്ലാം ആത്മഹത്യാപരമായിരുന്നു. സമൂഹ മാധ്യമങ്ങളിലെ നാഥനില്ലാത്ത അശ്ലീലത നിറഞ്ഞ പോസ്റ്ററുകള്‍ക്കും ‘കാഫിര്‍’ പോസ്റ്റുകള്‍ക്കും മലബാറിലുടനീളം സി.പി.എം കനത്ത വില നല്‍കേണ്ടിവന്നു.
പൊന്നാനിയില്‍ ലീഗ് പുറത്താക്കിയ കെ.എസ്. ഹംസയെ സ്ഥാനാര്‍ഥിയാക്കിയത് സമസ്തയിലെ ലീഗ് വിരുദ്ധരുടെ വോട്ട് ലക്ഷ്യമിട്ടായിരുന്നെങ്കിലും ആ ശ്രമം അമ്പേ പരാജയപ്പെട്ടു. സമദാനിയുടെ വന്‍ ഭൂരിപക്ഷം സമസ്തയിലെ ശത്രുക്കള്‍ക്ക് ലീഗ് കൊടുത്ത കനത്ത പ്രഹരമായി. സമസ്തയിലെ ലീഗ് വിരുദ്ധരുടെ പ്രവര്‍ത്തനം പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ ഒരുതരത്തിലുള്ള അനുരണനങ്ങളുമുണ്ടാക്കിയില്ല.
വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സുന്നി കാന്തപുരം വിഭാഗം ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇരു മുന്നണികള്‍ക്കുമായി പ്രവര്‍ത്തകരുടെ വോട്ട് വീതംവെക്കപ്പെട്ടു. പ്രത്യക്ഷ നിലപാട് സ്വീകരിച്ചില്ലെങ്കിലും മുജാഹിദ് വിഭാഗങ്ങളുടെ പിന്തുണയും യു.ഡി.എഫിനായിരുന്നു.