കൊച്ചി: അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ മുഖ്യ സൂത്രധാരനാണ് പിടിയിലായ സാബിത്ത് നാസറെന്ന് അന്വേഷണ സംഘം. ഇയാള്‍ വെറും കണ്ണിമാത്രമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷത്തില്‍ സാബത്തിന്റെ കുറ്റകൃത്യങ്ങള്‍ വ്യക്തമാകുകയായിരുന്നു.
ഇയാളുടെ സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരായ ബ്രോക്കര്‍മാരാണ്. സാബിത്ത്, ഇയാളുടെ സുഹൃത്ത്, കൊച്ചി സ്വദേശി എന്നിവരാണ് പ്രധാന ആസൂത്രകര്‍. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. ഇവര്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്തതാണോയെന്ന് വ്യക്തമല്ല. സാബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂര്‍ത്തിയാക്കും. തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2019 മുതല്‍ അവയവക്കടത്തിന് ഇറാനിലേക്കു സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ശ്രീലങ്കയിലും കുവൈത്തിലും ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യനാണ് സാബിത്ത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ സംഘടിപ്പിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്റുമാര്‍ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുള്‍ പാക്കേജായി 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നല്‍കുന്നവര്‍ക്ക് ടിക്കറ്റ്, താമസം, ചികിത്സാ ചെലവ്, പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ എന്നിങ്ങനെ നല്‍കും. വന്‍തുക ആശുപത്രിയില്‍ ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവന്‍ ഏജന്റിന്റെ പോക്കറ്റിലാക്കുകയായിരുന്നു പതിവ്.