CricketSports

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനൊരുങ്ങുന്നു! അടുത്ത തട്ടകം ചെന്നൈ | Sanju Samson

തിരുവനന്തപുരം: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് (RR) വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (CSK) ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. സഞ്ജു തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ അടിക്കുറിപ്പുമാണ് ഈ ചർച്ചകൾക്ക് തിരികൊളുത്തിയത്.

ഭാര്യ ചാരുലതയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച്, “മുന്നോട്ട് പോകേണ്ട സമയം..!!” (Time to MOVE..!!) എന്നാണ് സഞ്ജു കുറിച്ചത്. ചിത്രത്തിലെ റോഡിലുള്ള മഞ്ഞവര, ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ജേഴ്‌സി നിറവുമായി ബന്ധിപ്പിച്ചാണ് ആരാധകർ സഞ്ജുവിന്റെ ടീം മാറ്റം പ്രവചിക്കുന്നത്.

“സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിൽ ചേരാൻ ഒരുങ്ങുകയാണെന്ന് തോന്നുന്നു,” എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കുറിച്ചത്. “അവൻ ചെന്നൈയിലേക്ക് വരുന്നു, ഞാൻ നേരത്തെ പറഞ്ഞില്ലേ,” എന്ന് മറ്റൊരു ആരാധകൻ എഴുതിയപ്പോൾ, “ബ്രോ, ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് സ്വാഗതം” എന്നായിരുന്നു മറ്റൊരു കമൻ്റ്.

നിലവിൽ ചെന്നൈയുടെ നായകൻ ഋതുരാജ് ഗെയ്ക്‌വാദാണ്. സഞ്ജുവിനെ ടീമിലെത്തിക്കണമെങ്കിൽ ഒന്നുകിൽ ട്രേഡ് വഴി സ്വന്തമാക്കണം. അല്ലെങ്കിൽ, 2026-ലെ മിനി ലേലത്തിന് മുൻപായി രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്താൽ ലേലത്തിൽ ചെന്നൈക്ക് താരത്തെ സ്വന്തമാക്കാം.

സഞ്ജു സാംസന്റെ ഐപിഎൽ കരിയർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് (KKR) സഞ്ജു ഐപിഎൽ കരിയർ ആരംഭിക്കുന്നത്. 2012-ൽ അവർ കിരീടം നേടിയ ടീമിൻ്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല. 2013-ലാണ് സഞ്ജു ആദ്യമായി രാജസ്ഥാൻ റോയൽസിലെത്തുന്നത്. 2015 വരെ ടീമിൽ തുടർന്നു.

2016, 2017 സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിനായി (അന്നത്തെ ഡൽഹി ഡെയർഡെവിൾസ്) കളിച്ചു. 2018-ലെ മെഗാ ലേലത്തിൽ രാജസ്ഥാൻ സഞ്ജുവിനെ തിരികെ ടീമിലെത്തിച്ചു. തുടർന്ന് 2022, 2025 മെഗാ ലേലങ്ങൾക്ക് മുന്നോടിയായി ടീം നിലനിർത്തുകയും ചെയ്തു.

2021-ലാണ് സഞ്ജു രാജസ്ഥാൻ റോയൽസിൻ്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. 2022-ൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ടീം ഐപിഎൽ ഫൈനലിലെത്തി. അതിനുശേഷം ഫൈനലിൽ എത്താൻ ടീമിന് കഴിഞ്ഞിട്ടില്ല. സഞ്ജുവിന് കീഴിൽ കളിച്ച മത്സരങ്ങളിൽ 33 എണ്ണത്തിൽ രാജസ്ഥാൻ വിജയിച്ചപ്പോൾ 32 എണ്ണത്തിൽ പരാജയപ്പെട്ടു.

4027 റൺസുമായി രാജസ്ഥാൻ റോയൽസിൻ്റെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാണ് സഞ്ജു. ടീമിനായി 4000 റൺസ് പിന്നിട്ട ഏക ബാറ്റ്സ്മാനും സഞ്ജുവാണ്. രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്‌ലർക്ക് 3055 റൺസാണുള്ളത്.

ഐപിഎല്ലിലെ മികച്ച പ്രകടനമാണ് 2014-ൽ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്. 2015-ൽ അരങ്ങേറ്റം കുറിച്ച സഞ്ജു, നിലവിൽ ഇന്ത്യൻ ടി20 ടീമിലെ പ്രധാന അംഗമാണ്.