പന്തീരങ്കാവ് കേസ്: രാഹുലിന്റെ കാറില്‍ രക്തക്കറ; രക്ഷപ്പെടാൻ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മർദ്ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ആശുപത്രിയിലെത്തിച്ച കാറില്‍നിന്ന് രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിള്‍ ശേഖരിച്ച് പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. യുവതിയുടെ രക്തക്കറയാണിതെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്. ഇത് പരിശോധനയില്‍ തെളിയിക്കപ്പെട്ടാല്‍ കേസിലെ സുപ്രധാന തെളിവാകും.

അതേസമയം, പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.

പ്രതി രാഹുലിന് രക്ഷപ്പെടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയത് ശരത് ലാൽ ആയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരാതിക്കാർ സ്റ്റേഷനിലെത്തിയ ദിവസം ഈ ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഇയാൾ രാഹുലിനെ അറിയിക്കുകയായിരുന്നു. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ പല നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി.

പൊലീസിൻ്റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദ്ദേശിച്ചു. ശരത് ലാലിന്‍റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് രാത്രി ഒരുമണിയോടെ ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘവും ഫൊറന്‍സിക് വിഭാഗവും ശനിയാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ വീട്ടിലും കാറിലും പരിശോധന നടത്തിയാണ് തെളിവുകള്‍ ശേഖരിച്ചത്. രാഹുലിന്റെ സ്നേഹതീരം എന്ന വീട്ടിലെ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിളും പോലീസ് കണ്ടെടുത്തു. ചാര്‍ജിങ് കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിയിരുന്നു.

മേയ് 12 പുലര്‍ച്ചെയാണ് യുവതിക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് യുവതിക്ക് ചികിത്സലഭ്യമാക്കിയിരുന്നു. അവശയായ യുവതിയെ രാഹുലും സുഹൃത്ത് രാജേഷും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments