പാനൂർ: പുത്തൂർ മുളിയാത്തോട്ടിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ വർദ്ധിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആരെ ലക്ഷ്യം വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്ന് അന്വേഷിക്കണമെന്നാണ് യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്.
സ്ഫോടനത്തിൽ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയിട്ടുണ്ട്. കോഴിക്കോട് മിംസിലും പരിയാരം മെഡി.കോളജ് ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയാണു സ്ഫോടനമുണ്ടായത്. നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
വടകര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ പാനൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍ നാളെ തെരഞ്ഞെടുപ്പ് പര്യടനം നടത്താനിരുന്ന പ്രദേശത്താണ് ബോംബ് സ്ഫോടനം നടന്നിരിക്കുന്നത്. പരിപാടികള്‍ അട്ടിമറിക്കാനാണോ ഇത്തരം ബോംബ് നിർമ്മാണം എന്ന സംശയം ഉയരുകയാണ്.
യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥി പര്യടനം കണ്ണൂർ ജില്ലയിൽ കടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് കെകെ രമ എംഎല്‍എ ചൂണ്ടിക്കാട്ടി. വടകര മണ്ഡലത്തിൽ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയിൽ നടക്കുന്നതെന്ന് കെകെ രമ ആരോപിച്ചു.
വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ കെ.കെ ശൈലജ തന്നെ മഹാൻ എന്ന് വിശേഷിപ്പിച്ച ടി.പി വധക്കേസ് പ്രതി കൊലയാളി പി.കെ കുഞ്ഞനന്തൻ്റെ നാട്ടിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. കുഞ്ഞനന്തനും കെ.കെ ശൈലജയും പി.ജയരാജയനുമായൊക്കെ വലിയ അടുപ്പമുള്ള പ്രവർത്തകർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ടി.പി കേസിലെ മറ്റു പ്രതികളായ കൊടിസുനി, ജ്യോതി ബാബു, ട്രൗസർ മനോജ് എന്നിവരുമായി ഏറെ അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടതെന്നുമുള്ള വിവരങ്ങളും പുറത്തുവരികയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് വടകര മണ്ഡലത്തിൽ കലാപം ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം ഇതിൽ നിന്നെല്ലാം വ്യക്തമാവുകയാണ് – കെകെ രമ എംഎല്‍എ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വടകരയിലെ ആർഎംപിഐ പിൻതുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥി പര്യടനം കണ്ണൂർ ജില്ലയിൽ കടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിർ പാർട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിർത്തി വിജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നിലനിൽക്കുന്നത്. ഇത്തരം അക്രമകാരികൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറണം. ഇപ്പോൾ സ്ഫോടനമുണ്ടായ ഒരു കേന്ദ്രത്തിൽ മാത്രമല്ല കണ്ണൂരിലെ പല സിപിഎം ഗ്രാമങ്ങളിലും ഇത്തരം അക്രമ ഫാക്ടറികൾ സജീവമായി പ്രവർത്തിക്കുന്നു എന്ന് വേണം കരുതാൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് സിപിഎം ശക്തി കേന്ദ്രങ്ങളിൽ ശക്തമായ റെയ്ഡ് നടത്തി ആയുധങ്ങളും മറ്റും പിടിച്ചെടുക്കണം. സമാധാനപരവും നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ഇത് ചെയ്തേ മതിയാകൂ. പാർട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവർത്തനങ്ങളെയോ ഇതുവരെ തള്ളി പറയാത്ത ശൈലജ ടീച്ചർ ഈ ഉണ്ടായ സംഭവത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു.