വീട്ടുകാർ നിശ്ചയിച്ച വിവാഹത്തെ എതിർക്കുകയും മറ്റൊരാളുമായി പ്രണയത്തിലാവുകയും ചെയ്ത 19 വയസ്സുകാരിയെ അമ്മ കഴുത്തുമുറുക്കി കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയത്.
മാതാപിതാക്കൾ പറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ ഭാർഗവി തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ ദിവസങ്ങളായി വീട്ടില്‍ തർക്കം നടക്കുകയായിരുന്നു. ഇതിനിടയില്‍ മകളുടെ ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് അമ്മ ജംഗമ്മ കാണാനിടയായി. അമ്മയെ കണ്ടതോടെ ഭാര്‍ഗവി ആണ്‍സുഹൃത്തിനെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍, ഇതിന്റെ പേരില്‍ ജംഗമ്മ മകളെ പൊതിരെതല്ലി. ഇതിനുപിന്നാലെയാണ് സാരി കഴുത്തില്‍മുറുക്കി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
19-കാരിയുടെ മരണത്തില്‍ ഇളയസഹോദരന്റെ മൊഴിയാണ് നിര്‍ണായകമായത്. ഭാര്‍ഗവിയെ അമ്മ മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും താന്‍ ജനലിലൂടെ കണ്ടെന്നായിരുന്നു ഇളയസഹോദരന്‍ പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്നാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. ഭാര്‍ഗവിക്കായി കുടുംബം വിവാഹം ആലോചിക്കുന്ന സമയത്താണ് സംഭവമുണ്ടായതെന്നും പോലീസ് പറഞ്ഞു.
ദുരഭിമാനത്തിന്‍റെ പേരില്‍ മകളെ കൊലപ്പെടുപത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസിപി രാജുവും സി ഐ സത്യനാരായണയും ഭാർഗവിയുടെ കൊലപാതകത്തില്‍ അമ്മയ്‌ക്ക് പങ്കുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തുവെന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ തൊണ്ടയിലെ മുറിവുകൾ ഭാർഗവിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചു..