
‘തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ?’; കാർ തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരോട് ഷാഫി പറമ്പിൽ
വടകര: എംപി ഷാഫി പറമ്പിലിന്റെ വാഹനം വടകര നഗരത്തിൽ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ‘രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കിയില്ലേ’ എന്ന മുദ്രാവാക്യം വിളിച്ച പ്രവർത്തകർ കാറിന് മുന്നിൽ നിലയുറപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇതില് രണ്ടുപേർ കാറിനടത്തേക്ക് എത്തി എം.പിയെയും കാറിലുണ്ടായിരുന്നവരെയും തെറിവിളിക്കുകയായിരുന്നു.
തുടർന്ന് കാറിൽ നിന്നിറങ്ങിയ ഷാഫി പറമ്പിൽ, പ്രതിഷേധക്കാരോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. “സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു, എന്നാൽ അതിന്റെ പേരിൽ ആഭാസത്തരം പറയരുത്. നായേ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ വേറെ ആളെ നോക്കണം,” എന്ന് ഷാഫി പറഞ്ഞു. പ്രതിഷേധക്കാർക്കും ഷാഫിക്കും ഇടയിൽ പൊലീസ് വലയം തീർത്തു.
“തെറി പറഞ്ഞാൽ കേട്ടുനിൽക്കില്ല, ആരെയും പേടിച്ച് വടകരയിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്നില്ല, ഇവിടെത്തന്നെ കാണും. ധൈര്യമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യൂ,” എന്നും ഷാഫി സമരക്കാരെ വെല്ലുവിളിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് ജീപ്പിൽ സ്ഥലത്തുനിന്ന് നീക്കിയ ശേഷമാണ് ഷാഫി പറമ്പിലും കോൺഗ്രസ് പ്രവർത്തകരും പിരിഞ്ഞുപോയത്.